സൗത്ത് കരോലിന : നായക്കുട്ടിയെ വാങ്ങാനെന്ന വ്യാജേന വിളിച്ചുവരുത്തിയ 40 വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കാറിനുള്ളിലിട്ട് കത്തിച്ചു. സൗത്ത് കരോലിനയിലെ എഫിംഗ്ഹാമിൽ ജനുവരി 22-നാണ് ദാരുണമായ ഈ സംഭവം നടന്നത്. ഡാന മേരി കിൻലോ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്.
നായക്കുട്ടിയെ വിൽക്കാനുണ്ടെന്ന് വിശ്വസിപ്പിച്ച് സുഹൃത്തായ ഐരിയാന ഫ്ലെമിംഗ് (19), ഡാക്വിൻ തോമസ് (31) എന്നിവർ ചേർന്ന് ഡാനയെ വിജനമായ സ്ഥലത്തെത്തിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ ഡാനയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം, മൃതദേഹത്തിന് മുകളിൽ ദ്രാവകം ഒഴിച്ച് കാറിനുള്ളിലിട്ട് തീ കൊളുത്തി.
തൊട്ടടുത്ത കൗണ്ടിയിൽ നടന്ന മറ്റൊരു കൊലപാതകത്തിന് പ്രതികാരമായാണ് ഈ കൃത്യം ചെയ്തതെന്നാണ് പോലീസ് കരുതുന്നത്. ഡാനയുടെ മകന് ആ കൊലപാതകത്തിൽ പങ്കുണ്ടെന്ന് പ്രതികൾ വിശ്വസിച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഐരിയാന ഫ്ലെമിംഗ്, ഡാക്വിൻ തോമസ്, നിക്കോ ക്രിസ്റ്റഫർ കാരവേ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കൊലപാതകം, ആയുധം കൈവശം വെക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. നിലവിൽ മൂവരും ജയിലിലാണ്.