തിരുവനന്തപുരം : വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനരവലോകനവുമായി (SIR) ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള ആശങ്കകൾ ഗൗരവത്തോടെ പരിശോധിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ പൂർണമായ സുതാര്യത ഉറപ്പാക്കണമെന്നും എഐസിസി നിരീക്ഷകൻ എച്ച്.കെ. പാട്ടീൽ ആവശ്യപ്പെട്ടു. കെപിസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്ത് സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പുകളിലാണ്. ഭരണഘടനയുടെ 324-ാം അനുച്ഛേദപ്രകാരം തിരഞ്ഞെടുപ്പ് പ്രക്രിയയുടെ മേൽനോട്ടവും നിയന്ത്രണവും നിർവഹിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷമായും സുതാര്യമായും പ്രവർത്തിക്കേണ്ട ഭരണഘടനാ സ്ഥാപനമാണ്. എന്നാൽ, വോട്ടർ പട്ടികയുടെ പുനരവലോകനവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽനിന്ന് ഉയരുന്ന പരാതികൾ കമ്മീഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നതാണ്.
ഭരണഘടനയും ബാധകമായ നിയമങ്ങളും അനുശാസിക്കുന്ന നടപടിക്രമങ്ങൾ പാലിച്ചായിരിക്കണം തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കേണ്ടത്. എസ്ഐആറിലൂടെ ഇന്ത്യൻ ജനാധിപത്യത്തെ തന്നെ ചോദ്യംചെയ്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണം. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് കോൺഗ്രസും ഇന്ത്യാ സഖ്യവും. ഈ പോരാട്ടത്തിന് യുവജനങ്ങളുടെ പിന്തുണയും ലഭിച്ചിട്ടുണ്ട്.
നവംബർ ഒന്നിന് പത്തുലക്ഷം ജനാധിപത്യ വിശ്വാസികളെ അണിനിരത്തി രാജ്യതലസ്ഥാനത്ത് വൻ റാലി സംഘടിപ്പിക്കും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിക്കുന്നത്. ജനാധിപത്യ സംരക്ഷണത്തിനായുള്ള ഈ പോരാട്ടത്തിൽ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും എച്ച്.കെ. പാട്ടീൽ പറഞ്ഞു.
പ്രത്യേക തീവ്ര പുനരവലോകനത്തിന്റെ ഭാഗമായി വൻതോതിൽ വോട്ടർമാരുടെ പേരുകൾ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടതായുള്ള റിപ്പോർട്ടുകളും പരാതികളും ഗൗരവത്തോടെ പരിശോധിക്കണം. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വമായ പൗരന്റെ വോട്ടവകാശം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. മതിയായ പരിശോധന നടത്താതെയും ബന്ധപ്പെട്ട വ്യക്തികൾക്ക് വിശദീകരണം നൽകാനും പരാതികൾ ഉന്നയിക്കാനുമുള്ള അവസരം ഉറപ്പാക്കാതെയും വോട്ടർ പട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്യുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾക്ക് നിരക്കാത്തതാണ്.
തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളും നടപടിക്രമങ്ങളെക്കുറിച്ച് ആശങ്കകളും നിലനിൽക്കുന്നതായുള്ള റിപ്പോർട്ടുകൾ ഗൗരവത്തോടെ കാണേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ ബാധിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ നടന്നിട്ടുണ്ടെന്ന പരാതികൾ സ്വതന്ത്രമായി അന്വേഷിക്കണം.
വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട ഡിജിറ്റൽ സംവിധാനങ്ങൾ, ഡാറ്റയുടെ കൈകാര്യം, വിവരങ്ങൾ തിരുത്തുന്നതിനും പേരുകൾ നീക്കം ചെയ്യുന്നതിനുമുള്ള നടപടിക്രമങ്ങൾ എന്നിവയിൽ സുതാര്യത ഉറപ്പാക്കണം. രാഷ്ട്രീയ പാർട്ടികൾക്ക് നിയമപ്രകാരം ലഭിക്കേണ്ട വോട്ടർ പട്ടികാ വിവരങ്ങൾ സമയബന്ധിതമായും പരിശോധിക്കാവുന്ന രീതിയിലും ലഭ്യമാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണം.
ഡിജിറ്റൽ സംവിധാനങ്ങളിലെ പിഴവുകൾ ഉൾപ്പെടെയുള്ള കാരണങ്ങളാൽ അർഹരായ വോട്ടർമാരുടെ പേരുകൾ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന പരാതികൾ ഗൗരവമായി പരിശോധിക്കണം. വോട്ടർ പട്ടികയിലെ മാറ്റങ്ങൾ പരിശോധിക്കുന്നതിനും പിഴവുകൾ കണ്ടെത്തി തിരുത്തുന്നതിനും സ്വതന്ത്രമായ ഓഡിറ്റും ഫലപ്രദമായ പരാതി പരിഹാര സംവിധാനവും ഏർപ്പെടുത്തണം. പ്രത്യേക തീവ്ര പുനരവലോകനത്തിനിടെ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട അർഹരായ വോട്ടർമാരുടെ പേരുകൾ പുനഃസ്ഥാപിക്കണം. ഈ നടപടികളുമായി ബന്ധപ്പെട്ട പരാതികൾ സ്വതന്ത്രവും വിശ്വാസയോഗ്യവുമായ സംവിധാനത്തിലൂടെ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാർത്താസമ്മേളനത്തിൽ എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ, നേതാക്കളായ ശരത് ചന്ദ്രപ്രസാദ്, മണക്കാട് സുരേഷ്, ജോൺ വിനീഷ്യസ് തുടങ്ങിയവർ പങ്കെടുത്തു.