പിണറായിക്കെതിരെയുള്ള കേസിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നടപടി പൂര്‍ണ്ണമായും ശരിയാണെന്ന് തെളിഞ്ഞു, എഫ് ഐ ആര്‍ ശരിവച്ചത് സര്‍ക്കാര്‍ നടപടിക്ക് ലഭിച്ച അംഗീകാരം : രമേശ് ചെന്നിത്തല

Spread the love

തിരുവനന്തപുരം : എക്‌സാലോജിക്ക് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടംബത്തിനുമെതിരായ ഇ ഡി അന്വേഷണത്തില്‍ സര്‍ക്കാരും ആഭ്യന്തരവകുപ്പും എടുത്ത നടപടി ശരിയാണെന്ന് സുപ്രീം കോടതി വിധിയിലൂടെ തെളിഞ്ഞിരിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

എന്‍ഫോഴ്‌സ് ഡയറകട്‌റേറ്റിന്റെ കത്തുലഭിച്ചപ്പോള്‍ തന്നെ അത് അവധാനപൂര്‍വ്വം പരിശോധിച്ച് അനാവശ്യമായ ധൃതി ഒഴിവാക്കി കൃത്യമായ നിയമനടപടി സ്വീകരിക്കുക എന്നതായിരുന്നു സംസ്ഥാന സര്‍ക്കാരും ആഭ്യന്തര വകുപ്പും എടുത്ത നിലപാട്. ആ സമീപനത്തെ സുപ്രീം കോടതി അംഗീകരിക്കുന്നുവെന്നാണ് ഈ വിധിയിലൂടെ മനസിലാക്കാന്‍ കഴിയുന്നത്. എഫ് ഐആര്‍ ഇടുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചതും ആ സമീപനത്തിന്റെ ഭാഗമാണ്. എന്നാല്‍ പ്രാഥമിക അന്വേഷണം ഒഴിവാക്കി ഉടന്‍ എഫ് ഐ ആര്‍ ഇട്ട് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിച്ചപ്പോള്‍ സര്‍ക്കാരിന് വിധി നടപ്പാക്കേണ്ടി വന്നു.

അതേ സമയം പ്രസ്തുത എഫ് ഐആര്‍ റദ്ദാക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടില്ലന്നതാണ് പ്രധാനപ്പെട്ട വസ്തുത. ഇതോടെ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നിലപാട് പൂര്‍ണ്ണമായും ശരിയായിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ഇട്ട എഫ് ഐ ആര്‍ നിയമപരമായി ശരിയാണെന്ന് നിലപാടാണ് സുപ്രീം കോടതിക്കുമുള്ളതെന്നാണ് വിധിയില്‍ നിന്നും മനസിലാക്കുന്നത്. ചുരുക്കത്തില്‍ ഈ കേസില്‍ വിജിലന്‍സിന്റെ എഫ് ഐ ആര്‍ അതേ പടി നിലനില്‍ക്കുകയാണ്. ഒരാഴ്ചത്തേക്ക് അന്വേഷണം തടഞ്ഞത് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ പരാതിക്കാരന് തന്റെ വാദങ്ങള്‍ നിരത്താന്‍ വേണ്ടിയാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് തന്നെയാണ് മറ്റേത് കേസിലുമെന്ന പോലും ഇതിലും സര്‍ക്കാരിന്റം നിലപാടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *