മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ശുശ്രൂഷ സരണികളിൽ നോർത്ത് അമേരിക്ക ഭദ്രാസനം ഇന്ന് പുതിയ അദ്ധ്യായത്തിന് തുടക്കം കുറിക്കുന്നു : ഷാജി രാമപുരം

Spread the love

അറ്റ്ലാന്റാ : മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ശുശ്രൂഷ സരണികളിൽ നോർത്ത് അമേരിക്ക ഭദ്രാസനത്തിന്റെ നിയോഗ വഴികളിൽ പുതിയ ഒരു അദ്ധ്യായത്തിന് ഇന്ന് തുടക്കം കുറിക്കുന്നു.

പ്രവാസ ലോകത്ത് ജനിച്ചു വളർന്ന സഭാംഗങ്ങൾ ദൈവശാസ്ത്ര പഠനത്തിനായി ഇന്ത്യയിലെ സെമിനാരികളെ ആയിരുന്നു ഇതുവരെ ആശ്രയിച്ചു വന്നിരുന്നത്. പ്രവാസ ലോകത്തെ വിശ്വാസ സമൂഹത്തിന്റെ ആവശ്യകത മനസ്സിലാക്കിയും ആഗോള മാർത്തോമ്മാ സഭയുടെ പട്ടത്വ ശുശ്രൂഷയുടെ പ്രായോഗിക മാനങ്ങൾ പരിഗണിച്ചും മാർത്തോമ്മാ സഭയുടെ എപ്പിസ്കോപ്പൽ സിനഡ് നോർത്ത് അമേരിക്കയിൽ വൈദീക ശുശ്രൂഷയ്ക്ക് വേണ്ടിയുള്ള ദൈവശാസ്ത്ര ബിരുദപഠനം ആരംഭിക്കുവാൻ അനുവാദം നൽകി.

ഇതിന്റെ ഭാഗമായി അമേരിക്കയിലെ കൊളംബിയ സെമിനാരിയുമായി സഹകരിച്ച്, അറ്റ്ലാന്റാ കാർമേൽ മാർത്തോമ്മ സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മിഷൻ & കൾച്ചർ സെന്ററിൽ (MIMC) വൈദീക ശുശ്രൂഷയ്ക്ക് വേണ്ടിയുള്ള ദൈവശാസ്ത്ര ബിരുദപഠനത്തിന് ആവശ്യമായ പരിശീലനം നൽകുവാൻ കൊളംബിയ തിയോളജിക്കൽ സെമിനാരിയുമായി പുതിയ ഒരു ഉടമ്പടിയിലേക്ക് ഇന്ന് പ്രവേശിക്കുന്നു.

സെമിനാരിയുമായുള്ള ഔദ്യോഗികമായ ഉടമ്പടി ഒപ്പുവെയ്ക്കൽ ചടങ്ങ് (MOU Signing Ceremony) ഇന്ന് (വെള്ളിയാഴ്ച) ഉച്ചയ്ക്ക് കാർമേൽ മാർത്തോമ്മാ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന ചടങ്ങിൽ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന അദ്ധ്യക്ഷനും കാർമേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ആൻഡ് കൾച്ചറൽ സെന്റർ പ്രസിഡന്റുമായ ബിഷപ്പ് ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പയുടെ നേതൃത്വത്തിൽ ബിഷപ്പ് ഡോ. ഐസക്ക് മാർ ഫീലക്സിനോസ് എപ്പിസ്കോപ്പ, കൊളംബിയ സെമിനാരി പ്രസിഡന്റ് റവ. ഡോ. വിക്ടർ അലോയുമായി സഭയ്ക്ക് വേണ്ടി പുതിയ ഉടമ്പടിയിലേക്ക് പ്രവേശിക്കും.

1828-ൽ സ്ഥാപിതമായ കൊളംബിയ സെമിനാരിയുമായുളള ഈ ഉടമ്പടി സഭയുടെ എക്യുമെനിക്കൽ ദർശനത്തിനും , ദൈവശാസ്ത്ര പഠനത്തിനും, കാലാനുസൃതമായ ദൗത്യ നിർവ്വഹണത്തിനും നവ മാനം നൽകും. 2027 സെപ്റ്റംബറിൽ ആദ്യ ബാച്ച് പഠനത്തിലേക്ക് വിദ്യാർത്ഥികൾക്ക് പ്രവേശിക്കത്തക്ക രീതിയിൽ ഇതിന്റെ ക്രമീകരണം ചെയ്തു വരുന്നതായി ചുമതലക്കാർ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *