കേരള ഗവർണറായി ഓംപ്രകാശ് മാഥുർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ലോക്ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി വി ഡി സതീശനും ഹൈക്കോടതി ചീഫ് ജസ്റ്റിസും ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയും പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി അശോകും ചേർന്നാണ് നിയുക്ത ഗവർണറെ വേദിയിലേക്ക് സ്വീകരിച്ചത്. ഗവർണറെ നിയമിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് ചീഫ് സെക്രട്ടറി വായിച്ചു. തുടർന്നായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.
സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാങ്ങ്, നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ മുരളീധരൻ, റോജി എം ജോൺ, സണ്ണി ജോസഫ്, ഷിബു ബേബി ജോൺ, സി പി ജോൺ, കെ എ തുളസി, മേയർ വി വി രാജേഷ്, ഡെപ്യൂട്ടി മേയർ ആശാ നാഥ് ജി എസ്, എംപി അടൂർ പ്രകാശ്, എംഎൽഎമാരായ എം വിൻസെന്റ്, രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ, സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, ഉന്നത ഉദ്യോഗസ്ഥർ, രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.