ആശുപത്രി സേവനങ്ങൾ കൂടുതൽ സ്മാർട്ടാകും; ഏകോപിത എഐ സാങ്കേതികവിദ്യയുമായി ബിഎംഎച്ച് ഗ്രൂപ്പ്

Spread the love

കൊച്ചി: ക്ലിനിക്കൽ സേവനങ്ങളും ദൈനംദിന പ്രവർത്തനങ്ങളും കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ആശുപത്രികളിൽ അത്യാധുനിക ഏകോപിത എഐ സംവിധാനം നടപ്പാക്കാനൊരുങ്ങി ബേബി മെമ്മോറിയൽ (ബിഎംഎച്ച്) ഗ്രൂപ്പ്. കേരളം, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലായുള്ള ഒൻപത് ആശുപത്രികളിലാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. രോഗികൾക്ക് വേഗതയേറിയതും കാര്യക്ഷമവുമായ സേവനങ്ങൾ നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ആശുപത്രികളിലെ വിവിധ സേവനങ്ങൾക്കായുള്ള എഐ ആപ്ലിക്കേഷനുകളെ ഒരൊറ്റ ഏകോപിത സംവിധാനത്തിന് കീഴിൽ കൊണ്ടുവരും. വിവിധ വകുപ്പുകളിലെ ചികിത്സാ രേഖകൾ, റേഡിയോളജി-ലാബ് പരിശോധനാ ഫലങ്ങൾ, ഐസിയു വിവരങ്ങൾ, ഡിസ്ചാർജ് രേഖകൾ, മെഡിക്കൽ റെക്കോർഡുകൾ, ബാക്ക്-ഓഫീസ് ഭരണനിർവഹണം തുടങ്ങിയവയ്ക്കെല്ലാം ഏകോപിത എഐ സംവിധാനം ഉപയോഗിക്കും. ഇതിലൂടെ എളുപ്പത്തിലുള്ള ഡോക്യൂമെന്റഷൻ, ആശുപത്രിയിലെത്തുന്ന രോഗികൾക്ക് കുറഞ്ഞ കാത്തിരിപ്പ് സമയം, മികച്ചതും ഏകോപിതവുമായ ചികിത്സ എന്നിവ ഉറപ്പാക്കാൻ സാധിക്കും.
യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഡീപ്ഇൻഫിനിറ്റി.എഐ’യുമായി (DeepInfinity.AI) സഹകരിച്ചാണ് പുതിയ സംവിധാനം സജ്ജമാക്കുന്നത്. ആരോഗ്യ സേവന, രോഗനിർണയ മേഖലകളിൽ ഇന്ത്യയും യുകെയും തമ്മിലുള്ള സഹകരണം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ നടന്ന യുകെ-ഇന്ത്യ ഡയഗ്നോസ്റ്റിക് കോഹോർട്ട് മിഷൻ 2026 പരിപാടിയിലാണ് സഹകരണം പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഇരു കമ്പനികളും ഒപ്പുവെച്ചു. ബ്രിട്ടീഷ് ഹൈക്കമ്മീഷൻ ഇന്ത്യ സൗത്ത് ഏഷ്യ ട്രേഡ് കൗൺസിലർ മാർക്ക് ബിസ്സല്ലിന്റെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവച്ചത്.
ഇരുരാജ്യങ്ങളുടെയും സാങ്കേതിക മുന്നേറ്റത്തിനും വികസനത്തിനും വഴിയൊരുക്കുന്നതാണ് സഹകരണമെന്ന് ഹർജിന്ദർ കാങ് പറഞ്ഞു. നിലവിലുള്ള സംവിധാനങ്ങളുമായി പൊരുത്തപ്പെടുന്നതും ആശുപത്രി സേവനങ്ങൾ കൂടുതൽ മികച്ചതാക്കാൻ സഹായിക്കുന്നതുമാണ് ഏകോപിത എഐ സംവിധാനമെന്ന് ബിഎംഎച്ച് ഗ്രൂപ്പ് ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. അനൂപ് വാര്യർ പറഞ്ഞു. ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ എഐ പങ്കാളിയായി തിരഞ്ഞെടുക്കപ്പെട്ടത് വലിയ അംഗീകാരമാണെന്ന് ഡീപ്ഇൻഫിനിറ്റി.എഐ സഹസ്ഥാപകനും സിഇഒയുമായ രാമകൃഷ്ണ ബോയ പറഞ്ഞു. രാജ്യത്തുടനീളമുള്ള ആശുപത്രികൾക്ക് ഒരു മികച്ച മാതൃകയായി ഇത് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Photo Caption: ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ഗ്രൂപ്പും ‘ഡീപ്ഇൻഫിനിറ്റി.എഐ’യും തമ്മിലുള്ള ധാരണാപത്രം ഒപ്പുവെക്കുന്ന ചടങ്ങിൽ ബിഎംഎച്ച് ഗ്രൂപ്പ് ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. അനൂപ് വാര്യർ, ‘ഡീപ്ഇൻഫിനിറ്റി.എഐ’ സഹസ്ഥാപകനും സിഇഒയുമായ രാമകൃഷ്ണ ബോയ, സഹസ്ഥാപകനും സി.ഒ.ഒ.യുമായ പ്രശാന്തി എനുഗ, ബ്രിട്ടീഷ് ഹൈക്കമ്മീഷൻ ഇന്ത്യ സൗത്ത് ഏഷ്യ ട്രേഡ് കൗൺസിലർ മാർക്ക് ബിസ്സൽ എന്നിവർ.

Anu Maria Thomas

 

Leave a Reply

Your email address will not be published. Required fields are marked *