ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ 2022-2024 ഭരണസമിതിയില്‍ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി ഫൊക്കാനയിലെ യുവ നേതാവും മാധ്യമ പ്രവര്‍ത്തകനുമായ ബിജു ജോണ്‍ കൊട്ടാരക്കര മത്സരിക്കുന്നു. ന്യൂയോര്‍ക്ക് ലോങ്ങ് ഐലന്‍ഡിലെ സാമൂഹ്യ പ്രവര്‍ത്തകനും സംഘാടകനുമായ ബിജു നിലവില്‍ ഫൊക്കാനയുടെ അഡിഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ആണ്. ലോങ്ങ് ഐലന്‍ഡിലെ സാമൂഹിക സാംസ്‌കാരിക സാമുദായിക മണ്ഡലങ്ങളില്‍ നിറ സാന്നിധ്യമായ ബിജു, ലീലാ മാരേട്ട് നേതൃത്വം നല്‍കുന്ന ടീമില്‍ നിന്നാണ് മത്സര രംഗത്തേക്ക് വരുന്നത്.
ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമെന്ന നിലയില്‍ ഫൊക്കാനയുടെ നിരവധി പരിപാടികളില്‍ സജീവ സാന്നിധ്യം തെളിയിച്ച ബിജു ജോണ്‍ കൊട്ടാരക്കര വിവിധ സ്റ്റേറ്റുകളില്‍ യാത്ര ചെയ്ത് പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. ഒര്‍ലാണ്ടോ കണ്‍വെന്‍ഷന്റെ വിജയത്തിനായി അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലായി നടന്ന രെജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ചടങ്ങുകള്‍ നേരീട്ട് പങ്കെടുത്തിട്ടുള്ള ബിജു ജോണ്‍, ജോര്‍ജി വര്‍ഗീസ് – സജിമോന്‍ ആന്റണി ടീമിലെ നെടും തൂണായി നിന്നു പ്രവര്‍ത്തിച്ച എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളില്‍ ഒരാളാണ്. അതുകൊണ്ട് തന്നെ ബിജുവിന്റെ സ്ഥാര്‍ത്ഥിത്വം താന്‍ നേതൃത്വം നല്‍കുന്ന ടീമിന് ഏറെ ഗുണം ചെയ്യുമെന്ന് പ്രസിഡണ്ട് ആയി മത്സരിക്കുന്ന ലീല മാരേട്ട് പറഞ്ഞു.
ഏറെ സൗമ്യനും മികച്ച സംഘടനാ പ്രവണ്യവുമുള്ള ബിജു മികച്ച ഒരു എഴുത്തുകാരന്‍ കൂടിയാണ്. കേരള ടൈംസ് ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന്റെ ഡെപ്യൂട്ടി എഡിറ്റര്‍ ആയ ബിജു അടുത്തയിടെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐ.പി.സി.എന്‍.എ) യുടെ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ജോയിന്റ് ട്രഷര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഫൊക്കാനയുടെ ത്രൈമാസികയായ ഫൊക്കാന ടുഡേയുടെ ചീഫ് എഡിറ്റര്‍ കൂടിയായ ബിജുവിന്റെ നേതൃത്വത്തില്‍ 3 ലക്കങ്ങള്‍ ഇതിനകം പുറത്തിറക്കി കഴിഞ്ഞു.
സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ഏറെ ചെറുപ്പത്തില്‍ തന്നെ ആകൃഷ്ടനായി സ്‌കൂള്‍ കോളേജ് പഠന കാലത്തു കേരള സ്റ്റുഡന്റ്‌സ് യൂണിയനില്‍ പ്രവര്‍ത്തനം തുടങ്ങിയ ബിജുവിനു അതോടൊപ്പം തന്നെ സ്‌കൗട്ട്, നാഷണല്‍ കേഡറ്റ് കോര്‍പ്‌സ്, തുടങ്ങിയ മേഖലകളില്‍ ലഭിച്ച പരിശീലനം പൊതുജീവിതത്തില്‍ സമൂഹത്തോടു നന്മചെയ്യാനുള്ള പ്രതിബദ്ധത നന്നേ ചെറുപ്പത്തില്‍ തന്നെ വളര്‍ന്നു രൂപപ്പെട്ടിരുന്നു. ചെറുപ്പത്തില്‍ സായത്തമാക്കിയ പൊതുപ്രവര്‍ത്തനത്തോടുള്ള അഭിവാഞ്ജയും ചാരിറ്റി പ്രവര്‍ത്തനങ്ങളും അമേരിക്കയില്‍ എത്തിയ ശേഷവും തുടരുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഫൊക്കാനയില്‍ സജീവമായതോടെയാണ് തന്റെ പ്രവര്‍ത്തനമേഖലയ്ക്ക് ഒരു പുതിയ ദിശാ ബോധം തന്നെ കൈവരിച്ചരിച്ചതെന്ന് ബിജു സാക്ഷ്യപ്പെടുത്തുന്നു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വളരെ ചെറുപ്പത്തിലേ തന്നെ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ബിജുവിന് തന്റെ ജീവിതത്തിലുടെനീളം അത് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞതാണ് അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തന രംഗത്തെ ശ്രദ്ധേയമായ നേട്ടം. നാട്ടിലും ദുബായിയിലും ഒട്ടേറെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ബിജു തന്റെ എളിയ സമ്പാദ്യത്തില്‍ നിന്ന് ഒരു പങ്ക് ആലംബഹീനര്‍ക്കായി മാറ്റി വയ്ക്കാറുണ്ട്. അമേരിക്കയില്‍ എത്തിയ ശേഷം ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്കും സാമൂഹ്യ പ്രതിബദ്ധതയുള്ള മറ്റ് മേഖലകളിലുള്ള ഇടപെടലുകളും കൂടുതല്‍ സജീവമാക്കാന്‍ ബിജുവിനു കഴിഞ്ഞു. അമേരിക്കന്‍ രാഷ്ട്രീയ രംഗത്തേക്ക് കടന്നു വന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി ഇന്ത്യക്കാര്‍ക്ക് കൊടിയുടെ നിറം നോക്കാതെ കക്ഷി രാക്ഷ്ട്രീയ ഭേദമന്യേ പിന്തുണ നല്‍കിയിട്ടുള്ള അദ്ദേഹം നിരവധി സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തില്‍ സജീവമായി പങ്കെടുക്കുകയും തെരെഞ്ഞെടുപ്പ് ഫണ്ടിലേക്കുള്ള ധനസമാഹരണത്തിനു ചുക്കാന്‍ പിടിക്കുകയും ചെയ്തിട്ടുണ്ട്.
കേരളാ എഞ്ചിനീയറിംഗ് ഗ്രാഡുവേറ്റ് അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (കീന്‍) ഇപ്പോഴത്തെ ന്യൂസ് ലെറ്റര്‍ ആന്‍ഡ് പുബ്ലിക്കേഷന്‍സ് കോര്‍ഡിനേറ്റര്‍ ആണ്. കീന്‍ ലോങ്ങ് ഐലന്‍ഡ് റീജിയണല്‍ വൈസ് പ്രസിഡന്റ്, പബ്ലിക് റിലേഷന്‍ കോര്‍ഡിനേറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.ഒ. സി ) ചാപ്റ്ററിന്റെ ന്യൂ യോര്‍ക്ക് റീജിയന്‍ വൈസ് പ്രസിഡന്റ്, ഇന്ത്യന്‍ അമേരിക്കല്‍ മലയാളീ കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്സ് ആന്‍ഡ് ന്യൂയോര്‍ക്ക് റീജിയന്‍ പബ്ലിക് റിലേഷന്‍ കോര്‍ഡിനേറ്റര്‍ എന്നീ ചുമതലകളും ഇപ്പോള്‍ നിര്‍വഹിക്കുന്നുണ്ട്.
പന്തളം എന്‍ എസ് എസ് പോളിടെക്നിക്കലില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് കഴിഞ്ഞു ദുബായില്‍ ഇക്കണോസ്റ്റോ മിഡില്‍ ഈസ്റ്റില്‍ സെയില്‍സ് എഞ്ചിനീയര്‍ ആയിരുന്ന ബിജു 2005-ല്‍ അമേരിക്കയില്‍ കുടിയേറി. ദുബായിയില്‍ ദീര്‍ഘകാലം വിവിധ കമ്പനികളില്‍ എഞ്ചിനീയറിംഗ് മേഖലയില്‍ ജോലി ചെയ്തിരുന്നു. അമേരിക്കയില്‍ എത്തിയതിനു ശേഷം മെക്കാനിക്കല്‍ എഞ്ചിനീറിഗും മാനേജ്‌മെന്റില്‍ എം ബി എ ബിരുദവും നേടി. കഴിഞ്ഞ പതിമൂന്നു കൊല്ലമായി ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിറ്റിയില്‍ സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്യുന്നു.
ഭാര്യ: ഷിജി ജോണ്‍ (രെജിസ്റ്ററെഡ് നേഴ്‌സ്), മക്കള്‍: ക്രിസ്റ്റീനാ ജോണ്‍, ജൊയാന ജോണ്‍.