വിദ്യാർഥികൾക്കിടയിൽ കാര്യമായ കോവിഡ് രോഗവ്യാപനം ഇല്ല – മന്ത്രി വി ശിവൻകുട്ടി

Spread the love

വിദ്യാർഥികൾക്കിടയിൽ കാര്യമായ കോവിഡ് രോഗവ്യാപനം ഇല്ല; ഓഫ്ലൈൻ ക്ലാസുകൾ രണ്ടാഴ്ചത്തേക്ക് നിർത്തി വെക്കുന്നത് മുൻകരുതൽ എന്ന നിലയിലെന്ന് മന്ത്രി വി ശിവൻകുട്ടി*

വിദ്യാർത്ഥികൾക്കിടയിൽ കാര്യമായ കോവിഡ് രോഗവ്യാപനം ഇല്ലെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകൾക്ക് ഓഫ്ലൈൻ ക്ലാസുകൾ രണ്ടാഴ്ചത്തേക്ക് നിർത്തി വെക്കുന്നത് മുൻകരുതൽ എന്ന നിലയിൽ ആണെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്.

കുട്ടികളുടെ സുരക്ഷയാണ് സർക്കാറിന് പ്രധാനം. ഡിജിറ്റൽ – ഓൺലൈൻ ക്ലാസുകളുടെ സമയക്രമം പുന:ക്രമീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എസ് എസ് എൽ സി സിലബസ് ഫെബ്രുവരി ആദ്യവാരവും പ്ലസ് ടു സിലബസ് ഫെബ്രുവരി അവസാന വാരവും പൂർത്തിയാക്കും വിധം ഡിജിറ്റൽ – ഓൺലൈൻ ക്ലാസുകൾ ക്രമീകരിക്കും. ഫോകസ് ഏരിയ നിശ്ചയിച്ചു നൽകിക്കഴിഞ്ഞു. 35 ലക്ഷത്തോളം കുട്ടികളാണ് രണ്ടാഴ്ചത്തേക്ക് വീടുകളിൽ ഇരുന്ന് ക്ലാസ്സുകൾ അറ്റൻഡ് ചെയ്യുക.

തിങ്കളാഴ്ച വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ചേരും. പുതുക്കിയ മാർഗ്ഗരേഖ യോഗത്തിന് ശേഷം പുറത്തിറക്കും. എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷാതീയതികളിൽ മാറ്റമില്ല. സ്കൂളിൽ വരുന്ന 10,11,12 ക്ളാസുകളിലെ കുട്ടികൾക്ക് പ്രത്യേക ആരോഗ്യ സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തും.

എത്രയും പെട്ടെന്ന് കുട്ടികൾക്ക് വാക്സിൻ നൽകാനാണ് ശ്രമം. ആരോഗ്യ വകുപ്പുമായി സഹകരിച്ച് സ്‌കൂളുകളിൽ വാക്സിൻ നൽകാനുള്ള ക്രമീകരണം ഏർപ്പെടുത്തും. വാക്സിനേഷൻ കണക്കുകൾ സ്കൂൾ തലത്തിൽ തന്നെ അപ്ഡേറ്റ് ചെയ്യാൻ കൈറ്റ് – വിക്ടർസ് പുതിയ പോർട്ടൽ ആരംഭിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *