24 ആശുപത്രികളില്‍ കാന്‍സര്‍ ചികിത്സാ സംവിധാനം
തിരുവനന്തപുരം: രോഗപ്രതിരോധ ശേഷി കുറഞ്ഞ കാന്‍സര്‍ രോഗികള്‍ കോവിഡ് കാലത്ത് ചികിത്സയ്ക്ക് വളരെ ദൂരം യാത്ര ചെയ്യാതിരിക്കാന്‍ തൊട്ടടുത്ത് വിദഗ്ധ ചികിത്സ ഉറപ്പാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച ജില്ലാ കാന്‍സര്‍ കെയര്‍ പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള 24 ആശുപത്രികളിലാണ് കീമോതെറാപ്പി ഉള്‍പ്പെടെയുള്ള അത്യാധുനിക കാന്‍സര്‍ ചികിത്സ നല്‍കാനുള്ള സൗകര്യമൊരുക്കിയത്. കീമോതെറാപ്പി, റേഡിയോതെറാപ്പി, മറ്റ് ക്യാന്‍സര്‍ അനുബന്ധ ചികിത്സകള്‍ എന്നിവയ്ക്കായി തിരുവനന്തപുരം ആര്‍സിസിലോ, മലബാര്‍ കാന്‍സര്‍ സെന്ററിലോ, മെഡിക്കല്‍ കോളേജുകളിലോ പോകാതെ തുടര്‍ ചികിത്സ സാധ്യമാക്കുന്ന തരത്തിലാണ് പ്രവര്‍ത്തനം ഏകോപിപ്പിച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം ആര്‍സിസി, മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്നിവയുമായി ചേര്‍ന്നുകൊണ്ട് കാന്‍സര്‍ ചികിത്സ പൂര്‍ണമായും ഈ കേന്ദ്രങ്ങളിലൂടെ സാധ്യമാണ്. ഇവര്‍ക്ക് ആര്‍സിസിയിലും മെഡിക്കല്‍ കോളേജുകളിലും ലഭിച്ചു കൊണ്ടിരിക്കുന്ന അതേ ചികിത്സ നല്‍കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഈ സംവിധാനം ഒന്നുകൂടി ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിലൂടെ എല്ലാ ജില്ലകളിലുമുള്ള കാന്‍സര്‍ രോഗികള്‍ക്ക് അവര്‍ക്ക് റീജിയണല്‍ കാന്‍സര്‍ സെന്ററുകളില്‍ ലഭിച്ചിരുന്ന അതേ ചികിത്സ അവരുടെ വീടിനോട് വളരെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ലഭിക്കുന്നു എന്നുള്ളതാണ് ഇതിന്റെ സവിശേഷത. കാന്‍സര്‍ രോഗത്തിന്റെ മൂര്‍ധന്യാവസ്ഥ തടയുന്നതിനും ചികിത്സ പൂര്‍ണമായും ഉറപ്പാക്കാനും സാധിക്കുന്നു. മാത്രമല്ല യാത്ര ഒഴിവാക്കുന്നതിലൂടെ കോവിഡ് രോഗവ്യാപനം ഒഴിവാക്കാനും സാധിക്കും.
ആര്‍.സി.സി.യിലെ ഡോക്ടര്‍മാര്‍ ടെലി കോണ്‍ഫറന്‍സ് വഴി രോഗികളുടെ ചികിത്സാ വിവരം അതത് കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ക്ക് പറഞ്ഞ് കൊടുത്താണ് ചികിത്സ ഏകോപിപ്പിക്കുന്നത്. അത്തരക്കാരുടെ തുടര്‍പരിശോധന, കീമോതെറാപ്പി, സാന്ത്വന ചികിത്സ, സഹായക ചികിത്സകള്‍ തുടങ്ങിയവ ഈ കേന്ദ്രങ്ങളിലൂടെ ചെയ്യാന്‍ കഴിയുന്നതാണ്.