പത്തനംതിട്ട : നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഓമല്ലൂര്‍ പന്ന്യാലി ഗവ.യുപി സ്കൂളില്‍ വിദ്യാകിരണം മിഷന്റെ ഭാഗമായി നിര്‍മിച്ച പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ആരോഗ്യമന്ത്രി വീണാജോര്‍ജ് ശിലാഫലകം അനാച്ഛാദനം ചെയ്തു. 1917 ല്‍ എല്‍പി സ്കൂളായാണ് പന്ന്യാലി ഗവ.യുപി സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 75 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ശതാബ്ദി ആഘോഷത്തില്‍ പങ്കെടുത്ത അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായ പ്രൊഫ.സി രവീന്ദ്രനാഥ്, എംഎല്‍എ ആയിരുന്ന വീണ ജോര്‍ജ് എന്നിവര്‍ പ്രധാനകെട്ടിടത്തിന്റെ അപര്യാപ്തത മനസിലാക്കിയതോടെയാണ് പുതിയ സ്കൂള്‍ കെട്ടിടത്തിനുള്ള അനുമതി നല്‍കിയത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ-ഓര്‍ഡിനേറ്റര്‍ എസ് രാജേഷിന്റെ മേല്‍നോട്ടത്തിലാണ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്.
ഭൗതിക സാഹചര്യങ്ങള്‍ക്കൊപ്പം വിദ്യാഭ്യാസ നിലവാരത്തിലും പൊതുവിദ്യാലയങ്ങള്‍ ഏറെ മുന്നില്‍: മന്ത്രി വീണാജോര്‍ജ്
സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളുടെ വളര്‍ച്ചയ്ക്കൊപ്പം വിദ്യാഭ്യാസ നിലവാരത്തിന്റെ കാര്യത്തിലും പൊതുവിദ്യാലയങ്ങള്‍ ഏറെ മുന്നിലാണെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ഓമല്ലൂര്‍ പന്ന്യാലി ഗവ.യുപി സ്കൂളില്‍ വിദ്യാകിരണം മിഷന്റെ ഭാഗമായി നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തുടക്കമിട്ട പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ തുടര്‍ച്ചയായാണ് വിദ്യാകിരണം മിഷന് നടപ്പാക്കുന്നത്. പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.എല്ലാവര്ക്കും മാതൃകയാക്കാവുന്ന ഓമല്ലൂരിന്റെ കൂട്ടായ്മയാണ് പന്ന്യാലി ഗവ. യുപി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ പൂര്‍ത്തീകരണത്തിന് പിന്നില്‍. ഓമല്ലൂരിനെ സംബന്ധിച്ചിടത്തോളം പന്ന്യാലി ഗവ.യുപി സ്കൂള്‍ ഒരു വികാരമാണെന്നും നാട് ഒന്നടങ്കം സ്കൂളിന് പുതിയ കെട്ടിടമെന്ന ആവശ്യവുമായി ഒന്നിച്ച് നിന്നുവെന്നും മന്ത്രി പറഞ്ഞു.