ആരോഗ്യമന്ത്രി ഇടപെട്ടു ഗ്രെയ്‌സിന്റെ വീടിന് ജപ്തി ഒഴിവായി

Spread the love

ഗ്രെയ്‌സിനെ ദത്തെടുത്ത് വളര്‍ത്തിയ മാതാപിതാക്കള്‍ നഷ്ടപ്പെട്ടുവെന്നും വീട് ജപ്തി ഭീഷണിയിലാണെന്നുമുള്ള വിവരം അറിഞ്ഞ് എത്തിയ ആരോഗ്യമന്ത്രി വീണാജോര്‍ജിന്റെ അവസരോചിത ഇടപെടലില്‍ ഗ്രെയ്‌സിന് ആശ്വാസം. അപ്രതീക്ഷിതമായി വെള്ളിയാഴ്ച രാവിലെ മന്ത്രിയെ വീട്ടുപടിക്കല്‍ കണ്ട അമ്പരപ്പിലായിരുന്നു ഗ്രെയ്‌സ്. ഗ്രെയ്‌സ് ഇനി അനാഥയല്ലെന്നും എല്ലാവരും ഒപ്പമുണ്ടെന്നും ജപ്തി ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞതോടെ ഗ്രേയ്‌സിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവനുമായി ബന്ധപ്പെട്ടാണ് മന്ത്രി വീണാ ജോര്‍ജ് ജപ്തി നടപടികള്‍ നിര്‍ത്തിവയ്പ്പിച്ചത്.

വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഗ്രെയ്‌സിന് പതിനെട്ട് വയസ് തികയുന്നത് വരെ സ്‌പോണ്‍സര്‍ഷിപ്പ് അല്ലെങ്കില്‍ കിന്‍ഷിപ്പ് ഫോസ്റ്റര്‍ കെയര്‍ പദ്ധതിയില്‍ ഏതിലെങ്കിലും ഉള്‍പ്പെടുത്തി എല്ലാ മാസവും രണ്ടായിരം രൂപ വീതം ലഭ്യമാക്കും. ഇപ്പോള്‍ മാതൃസഹോദരന്‍ പോള്‍ എം. പീറ്ററിന്റെ സംരക്ഷണയില്‍ കഴിയുന്ന ഗ്രേയ്‌സിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറാണെന്നും മന്ത്രി അറിയിച്ചു.
കുട്ടികളില്ലാതിരുന്ന ചൂരക്കോട് പെനിയേല്‍ വില്ലയില്‍ റൂബി ജോര്‍ജും ഭര്‍ത്താവ് ജോര്‍ജ് സാമുവലും 2007 ലാണ് ഏഴ് മാസം പ്രായമുള്ള ഗ്രെയ്‌സിനെ ദത്തെടുത്തത്.ചൂരക്കോട് ഗവ.എല്‍പി സ്‌കൂളിലെ പ്രീപ്രൈമറി വിഭാഗം താല്‍ക്കാലിക അധ്യാപികയായിരുന്ന റൂബി കാന്‍സര്‍ ബാധിതയായി 2019 ഒക്ടോബറില്‍ മരിച്ചു. പ്രമേഹ ബാധിതനായ ജോര്‍ജ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മരിച്ചു. ഇതോടെ ഗ്രേയ്‌സ് വീണ്ടും അനാഥയായി. റൂബിയുടെ ചികിത്സയ്ക്കായി ജില്ലാ സഹകരണ ബാങ്കിന്റെ അടൂര്‍ ശാഖയില്‍ നിന്ന് രണ്ടു ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ജോര്‍ജിന് ഇത് തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നതോടെ ഇവരുടെ എട്ട് സെന്റ് സ്ഥലവും ഒറ്റമുറി വീടും ജില്ലാ സഹകരണ ബാങ്കിന്റെ കൈവശത്തിലായി എന്ന് കാണിച്ച് ആറ് മാസം മുന്‍പ് ബോര്‍ഡും സ്ഥാപിച്ചു. ഇതാണ് ഇപ്പോള്‍ ആരോഗ്യമന്ത്രിയുടെ ഇടപെടലില്‍ ഒഴിവായത്.

Author

Leave a Reply

Your email address will not be published. Required fields are marked *