ഫെബ്രുവരി 21ന് മുഴുവൻ കുട്ടികളും സ്കൂളുകളിൽ എത്തുന്നതിന് മുന്നോടിയായി നാളെയും മറ്റന്നാളും സ്കൂൾ വൃത്തിയാക്കലും അണുനശീകരണവും; തിരുവനന്തപുരം എസ് എം വി സ്കൂളിൽ മന്ത്രി വി ശിവൻകുട്ടി പങ്കെടുക്കും.ഫെബ്രുവരി 21ന് മുഴുവൻ കുട്ടികളും സ്കൂളിൽ എത്തുന്നതിന് മുന്നോടിയായി നാളെയും(19-02-2022) മറ്റന്നാളും സ്കൂൾ വൃത്തിയാക്കലും അണുനശീകരണവും നടക്കും. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി രാവിലെ 9 മണിക്ക് തിരുവനന്തപുരം എസ് എം വി സ്കൂളിൽ പങ്കെടുക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു, തിരുവനന്തപുരം ജില്ലാ കളക്ടർ നവജോത് ഖോസ, മേയർ എസ്. ആര്യ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.
ശുചീകരണ പ്രവർത്തനങ്ങളിലും അണുനശീകരണ പ്രവർത്തനങ്ങളിലും സമൂഹമാകെ അണിനിരക്കണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചിരുന്നു. സ്കൂളുകൾ മുഴുവൻ സമയവും പ്രവർത്തിക്കാനാരംഭിക്കുന്നതിന്റെ മുന്നോടിയായി ഒരുക്കങ്ങൾക്ക് സഹായം തേടി മന്ത്രി വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും വിദ്യാർത്ഥി – യുവജന – തൊഴിലാളി സംഘടനകൾക്കും വിദ്യാഭ്യാസ മേഖലയിലെ സംഘടനകൾക്കും ജനപ്രതിനിധികൾക്കും കത്തുമയച്ചിരുന്നു.
മന്ത്രിയുടെ അഭ്യർത്ഥന ഏറ്റെടുത്ത് നിരവധി സംഘടനകൾ സ്കൂൾ വൃത്തിയാക്കലും അണുനശീകരണവുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും മാറ്റന്നാളുമായി ഈ സംഘടനകളും സ്കൂൾ വൃത്തിയാക്കലിന്റെ ഭാഗമാകും.