കെപിസിസി എക്‌സിക്യൂട്ടിവ് തീരുമാനങ്ങള്‍

Spread the love

കെ റെയിലിനെതിരേ മഹാപ്രക്ഷോഭം

മോദി സര്‍ക്കാരിനെതിരേ ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തിയ ഐതിഹാസിക സമരത്തിനു സമാനമായ രീതിയില്‍ കെ റെയില്‍ പദ്ധതിക്കെതിരേ കേരളത്തില്‍ കോണ്‍ഗ്രസ് മഹാപ്രക്ഷോഭം നടത്തും. ഈ പദ്ധതി കേരളത്തിന് അങ്ങേയറ്റം ഹാനികരമായതിനാല്‍ എന്തുവില കൊടുത്തും എതിര്‍ത്ത് തോല്പിക്കേണ്ടതുണ്ട്. കെ റെയില്‍വേണ്ട കേരളം മതി എന്ന മുദ്രാവാക്യമാണ് ഇനി കേരളത്തില്‍ അലയടിക്കാന്‍ പോകുന്നത്. ഏറ്റവും വലിയ പ്രക്ഷോഭമാണ് കേരളം കാണാന്‍ പോകുന്നത്.

കെ റെയില്‍ വിരുദ്ധ മഹാപ്രക്ഷോഭത്തിന്റെ വിവിധ പരിപാടികള്‍ക്ക് രൂപം നല്കി.

1) വീടുകള്‍ കയറി സംസ്ഥാനവ്യാപകമായ പ്രചാരണം. സില്‍വര്‍ ലൈന്‍ സംബന്ധിച്ച് യുഡിഎഫ് തയാറാക്കിയ വസ്തുതാവിവരണ ലഘുലേഖ വിതരണം ചെയ്യും. പരിപാടിയില്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.
2) ഡിസിസി യോഗങ്ങള്‍ ഫെബ്രു 25നകം
3) ബ്ലോക്ക്തല യോഗങ്ങള്‍ ഫെബ്രു 28നകം
4) മണ്ഡലംതല യോഗങ്ങള്‍ മാര്‍ച്ച് 3നകം
5) കളക്ടറേറ്റ് മാര്‍ച്ച് – മാര്‍ച്ച് 7
6) തുടര്‍ന്നുള്ള ദിവസങ്ങളില്‍ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും പങ്കെടുക്കുന്ന കെ റെയില്‍ ജില്ലാതല കണ്‍വന്‍ഷനുകള്‍.

വിദഗ്ധരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സെമിനാറുകള്‍, 1000 പൊതുയോഗങ്ങള്‍.

ഈ തയാറെടുപ്പുകള്‍ക്കുശേഷം പ്രക്ഷോഭം കൂടുതല്‍ തീവ്രമായ അടുത്തഘട്ടത്തിലേക്കു കടക്കും. അതിന്റെ വിശദാംശങ്ങള്‍ തയാറായി വരുന്നു.

കെ റെയില്‍ വേണ്ട
കെ റെയില്‍ പദ്ധതി സൃഷ്ടിക്കുന്ന പരിസ്ഥിതി ആഘാതം, സാമൂഹികാഘാതം, സാമ്പത്തികാഘാതം എന്നിവ കേരളംപോലൊരു പ്രദേശത്തിനു താങ്ങാനാവുന്നതല്ല. ഇക്കാര്യങ്ങള്‍ വിദഗ്ധരും ഇടതുപക്ഷ സഹയാത്രികരും പരിസ്ഥിതി സ്‌നേഹികളും ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം അവഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നത് പദ്ധതി നടപ്പാക്കുമ്പോള്‍ പാര്‍ട്ടിക്ക് കിട്ടുന്ന വലിയ സാമ്പത്തിക പ്രയോജനം ലക്ഷ്യമിട്ടാണ്. സിപിഎമ്മിനെ പോറ്റിവളര്‍ത്താന്‍ കേരളത്തെ പണയപ്പെടുത്തുന്ന അതീവഗുരുതരമായ അവസ്ഥയാണ് കാണുന്നത്.

ബിജെപി നിലപാട്
കെ റെയില്‍ സംബന്ധിച്ച് ബിജെപി കേന്ദ്രങ്ങളില്‍ നിന്ന് അഴകൊഴമ്പന്‍ നിലപാടുകളാണ് പുറത്തുവരുന്നത്. ഖണ്ഡിതമായ നിലപാടോ അഭിപ്രായമോ അവര്‍ക്കില്ല. സിപിഎം- ബിജെപി ബന്ധം സുദൃഢമായതിനാല്‍ പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടാനാണ് സാധ്യത. അതുകൊണ്ട് പദ്ധതിയെ എതിര്‍ത്തു തോല്‍പ്പിക്കേണ്ട പൂര്‍ണ ഉത്തരവാദിത്വം യുഡിഎഫിനും കോണ്‍ഗ്രസിനുമായിരിക്കും.

പ്രക്ഷോഭരംഗത്തുള്ള സമാന മനസ്‌കരായ സംഘടനകള്‍, കൂട്ടായ്മകള്‍, വ്യക്തികള്‍ തുടങ്ങിയവരുമായി സഹകരിച്ചു സമരം പരമാവധി ജനകീയമാക്കണം.

അംഗത്വവിതരണം
മാര്‍ച്ച് 1 മുതല്‍ കോണ്‍ഗ്രസ് അംഗത്വവിതരണം ആരംഭിക്കും.

സിയുസി രൂപീകരണം
സംസ്ഥാനത്തെ 1493 കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളില്‍ ബഹുഭൂരിപക്ഷം സ്ഥലങ്ങളിലും കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികള്‍ രൂപീകരിച്ചു. ബാക്കിയുള്ള സ്ഥലങ്ങളില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും.

137 രൂപ ചലഞ്ച്
കെപിസിസിയുടെ ഫണ്ട് സമാഹരണത്തിന് ഏര്‍പ്പെടുത്തിയ 137 രൂപ ചലഞ്ചിന് കൂപ്പണ്‍ കൂടി നല്കാന്‍ തീരുമാനിച്ചു. ഒരു ബൂത്തിലെ 50 പേരില്‍ നിന്നു 137 രൂപ വച്ച് സമാഹരിക്കണം.

കെപിസിസി പ്രമേയങ്ങള്‍

കര്‍ഷക ജപ്തി
വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കര്‍ഷകരുടെമേല്‍
മോറട്ടോറിയം കാലാവധി കഴിഞ്ഞതിനാല്‍ വെള്ളിടിപോലെ ബാങ്കുകളുടെ ജപ്തി നോട്ടീസുകള്‍ വന്നു വീണുകൊണ്ടിരിക്കുന്നു. നിരവധി കര്‍ഷകര്‍ ഇതിനോടകം ജീവനൊടുക്കുകയും ഒരുപാട് പേര്‍ ആത്മഹത്യാമുനമ്പില്‍ എത്തിനില്ക്കുകയും ചെയ്യുന്നു. വയനാട് ജില്ലയില്‍ മാത്രം രണ്ടായിരത്തിലേറെ കര്‍ഷകര്‍ക്ക് ജപ്തി നോട്ടീസ് ലഭിച്ചു കഴിഞ്ഞു. വിദ്യാഭ്യാസ വായ്പയെടുത്തവരും ചെറുകിട കച്ചവടക്കാരുമൊക്കെ സാമ്പത്തിക പ്രതിസന്ധിയുടെ മുന്നില്‍ പകച്ചു നില്ക്കുകയാണ്. അതീവ ഗുരുതരമായ ഈ സാഹചര്യം കണക്കിലെടുത്ത് ജപ്തി നടപടികള്‍ നിന്ന് സര്‍ക്കാരും ബാങ്കുകളും അടിയന്തരമായി പിന്മാറണം. മോറട്ടോറിയവും ഒറ്റത്തവണതീര്‍പ്പാക്കല്‍ പദ്ധതിയും അടിയന്തരമായി നീട്ടണമെന്ന് ആവശ്യപ്പെടുന്നു.

സിപിഎം അക്രമം
ഭരണത്തണലും പോലീസിന്റെ ഊറ്റമായ പിന്തുണയും മൂലം വെറളിപിടിച്ച സിപിഎമ്മുകാര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരേ വ്യാപകമായ അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്. സിപിഎമ്മിന്റെ കൊടിത്തണലില്‍ വളര്‍ന്ന ഗുണ്ടാസംഘങ്ങളും അക്രമത്തിന്റെ മുന്‍നിരയിലുണ്ട്. എറണാകുളത്ത് സിപിഎമ്മുകാരുടെ മര്‍ദനമേറ്റ പട്ടികജാതി വിഭാഗത്തിലെ 20ഃ20 പ്രവര്‍ത്തകന്‍ ദീപു മരണമടഞ്ഞ ദാരുണസംഭവം ഇന്നുണ്ടായി. ഇടുക്കിയിലെ ഒരു സംഭവത്തിന്റെ പേരില്‍ സിപിഎം ഗുണ്ടകള്‍ സംസ്ഥാനവ്യാപകമായി കോണ്‍ഗ്രസുകാരെ ആക്രമിക്കുകയും ഓഫീസുകള്‍ തച്ചുടയ്ക്കുകയും ചെയ്തു. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ മറവില്‍ കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും വ്യാപകമായി ആക്രമിക്കപ്പെട്ടു. നിരവധി കോളജുകളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അഴിഞ്ഞാടി.

സിപിഎം, ബിജെപി, എസ്ഡിപിഐ അക്രമം അടിയന്തരമായി അവസാനിപ്പിക്കണമെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു.

ട്രൈബല്‍ സെറ്റില്‍മെന്റ് കോളനികളിലെ നിലവിലുള്ള റോഡുകളുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കണമെന്ന് ആവശ്യപ്പെട്ടു.

Author

Leave a Reply

Your email address will not be published. Required fields are marked *