കൊച്ചി: കൊറഗേറ്റഡ് ബോക്‌സ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളായ ക്രാഫ്റ്റ് പേപ്പര്‍, ഡ്യൂപ്ലക്‌സ് ബോര്‍ഡ് എന്നിവയുടെ വിലയിലുണ്ടായിട്ടുള്ള ക്രമാതീതമായ വര്‍ധനവ് കാരണം കൊറഗേറ്റഡ് ബോക്‌സിനും വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് കേരള കൊറഗേറ്റഡ് ബോക്‌സ് മാനുഫാക്ച്ചറേഴ്‌സ് അസോസിയേഷന്‍ (കെസിബിഎംഎ) ഭാരവാഹികള്‍ അറിയിച്ചു. കൊറഗേറ്റഡ് ബോക്‌സ് നിര്‍മാണത്തില്‍ 70% ഉപയോഗിക്കുന്ന ക്രാഫ്റ്റ് പേപ്പറിന്റെ വിലയില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ 5 രൂപയിലേറെ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.
കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ കാരണം വേസ്റ്റ് പേപ്പര്‍ ലഭ്യതയില്‍ ഉണ്ടായിട്ടുള്ള കുറവും ഇറക്കുമതി നിയന്ത്രണങ്ങളുമാണ് ക്രമാതീതമായ വിലവര്‍ധനവിന് കാരണമെന്ന് കെസിബിഎംഎ പ്രസിഡന്റ് സേവിയര്‍ ജോസ് പറഞ്ഞു. ഓള്‍ഡ് കൊറഗേറ്റഡ് കാര്‍ട്ടണുകള്‍ (ഒസിസി) നേരത്തെ യൂറോപ്യന്‍ വിപണികളില്‍ നിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്. എന്നാല്‍ അവിടങ്ങളില്‍ ഇതിന്റെ ലഭ്യതക്കുറവ് മൂലം ഇപ്പോള്‍ അമേരിക്കയില്‍ നിന്നാണ് ഒസിസി ഇറക്കുമതി ചെയ്യുന്നത്. ഇതിന് വില കൂടുതലും ലഭ്യത കുറവുമാണ്. ഇത് കാരണം പല മില്ലുകളും മാസത്തില്‍ 10 മുതല്‍ 15 ദിവസം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് പുറമേ ആഭ്യന്തര വിപണിയില്‍ കച്ചവടം കുറവായത് കാരണം ലോക്കല്‍ വേസ്റ്റും കുറവാണെന്നും സേവിയര്‍ ജോസ് വ്യക്തമാക്കി.
കാര്‍ട്ടണുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന പിന്നിനും വില വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബോക്‌സ് നിര്‍മാതാക്കളും 15% എങ്കിലും വില കൂട്ടാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. സര്‍ക്കാര്‍ ഇടപെട്ട് ഇറക്കുമതി ചെയ്യുന്ന ഒസിസിയുടെ വില നിയന്ത്രിക്കാന്‍ നടപടി ഉണ്ടായില്ലെങ്കില്‍ ഉപഭോക്താക്കള്‍ ഈ വില വര്‍ധനവുമായി സഹകരിക്കണമെന്നും സേവിയര്‍ ജോസ് അഭ്യര്‍ഥിച്ചു.
ജിഎസ്ടി, ബാങ്ക് പലിശ, വൈദ്യുതിനിരക്ക് എന്നിവയ്ക്ക് ലോക്ക്ഡൗണ്‍ കാലത്ത് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോള്‍ അത് നീക്കം ചെയ്ത സാഹചര്യത്തില്‍ നിര്‍മാതാക്കള്‍ അവ അടയ്ക്കാന്‍ നിര്‍ബന്ധിതരാണ്. അസംസ്‌കൃത വസ്തുക്കളുടെ വിലയില്‍ ക്രമാതീതമായ വര്‍ധനവ് കാരണം നിര്‍മാണം തടസ്സപ്പെട്ടിരിക്കുന്ന യൂണിറ്റുകള്‍ക്ക് ഈ തുകകള്‍ അടയ്ക്കുകയെന്നത് അസാധ്യമാണെന്നും കെസിബിഎംഎ സംസ്ഥാന കോര്‍ഡിനേറ്റര്‍ ജി. രാജീവ് വ്യക്തമാക്കി.
Report : Vijin Vijayappan