വിഴിഞ്ഞത്ത് 320 കുടുംബങ്ങള്‍ക്ക് കൂടി സ്വന്തം പാർപ്പിടം

Spread the love

തിരുവനന്തപുരം: വിഴിഞ്ഞം മതിപ്പുറത്ത് 320 വീടുകൾ ഗുണഭോക്താക്കൾക്കു കൈമാറി. നാല് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന ഈ പദ്ധതിയില്‍ വീടുകള്‍ക്കു പുറമെ 1,000 പേര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന കമ്മ്യൂണിറ്റി ഹാള്‍, പഠന കേന്ദ്രങ്ങള്‍, അംഗന്‍വാടി, ഹെല്‍ത്ത് ക്ലിനിക്കുകള്‍, നൈറ്റ് കിയോസ്കുകള്‍ എന്നിവയുണ്ട്. ഇതിനുപുറമെ ഈ പ്രദേശത്തെ ജനങ്ങളുടെ ഉപജീവനത്തിനു സഹായിക്കുന്ന ഡ്രൈ ഫിഷ് പ്രോസസിംഗ് യൂണിറ്റ്, വസ്ത്ര യൂണിറ്റ് തുടങ്ങിയവയും നിർമ്മിക്കും. പദ്ധതിയുടെ ഒന്നാം ഘട്ടം നേരത്തെ പൂർത്തിയാക്കുകയും 222 വീടുകളും, അംഗൻവാടി, കമ്മ്യൂണിറ്റി ഹാൾ, പഠനകേന്ദ്രം എന്നിവ കൈമാറുകയും ചെയ്തതിരുന്നു.
രണ്ടാം ഘട്ടത്തിൽ നിർമ്മിച്ച വീടുകളും അനുബന്ധ സൗകര്യങ്ങളുമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കൈമാറിയത്. മൂന്നാം ഘട്ടത്തില്‍ 326 വീടുകളും നാലാം ഘട്ടത്തില്‍ 164 വീടുകളുമാണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. അതിനുള്ള നടപടികള്‍ എത്രയും വേഗം ആരംഭിക്കുന്നതാണ്. കേന്ദ്ര-സംസ്ഥാന-നഗരസഭാ വിഹിതങ്ങള്‍ ഉപയോഗിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. എന്നാല്‍, കാലാകാലങ്ങളില്‍ പദ്ധതി ചെലവിലുണ്ടാകുന്ന വര്‍ദ്ധനവ് നഗരസഭാ ഫണ്ട് ഉപയോഗിച്ചാണ് നേരിടുന്നത്.
ആദ്യ രണ്ട് ഘട്ടങ്ങള്‍ക്കുള്ള കേന്ദ്രവിഹിതം 18.57 കോടി രൂപയും സംസ്ഥാന വിഹിതം 11.14 കോടി രൂപയും നഗരസഭാ വിഹിതം 18.73 കോടി രൂപയുമാണ്. സംസ്ഥാന സര്‍ക്കാരും നഗരസഭയും ചേര്‍ന്നാണ് ഏകദേശം 62 ശതമാനത്തോളം ഫണ്ട് ലഭ്യമാക്കിയത്. ഇച്ഛാശക്തിയോടെ സർക്കാർ നടപ്പാക്കിവരുന്ന പ്രവർത്തനങ്ങൾ ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തോട് കൂടുതൽ അടുപ്പിക്കുകയാണ്. കൂടുതൽ വേഗത്തിൽ ആ നേട്ടം കൈവരിക്കാൻ ഏവർക്കും ഒരുമിച്ചു നിൽക്കാം. രാജീവ് ഗാന്ധി ആവാസ് യോജന പദ്ധതിയുടെ ഭാഗമായി ഈ പ്രദേശത്ത് 72 കോടി രൂപ ചെലവിൽ 1032 വീടുകളും അനുബന്ധസൗകര്യങ്ങളും നിർമ്മിക്കാൻ ആണ് ലക്ഷ്യമിട്ടിരിക്കുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *