ഡാലസ്: ഡാലസില്‍ ഫെബ്രുവരി 23 മുതല്‍ 25 വരെ തണുത്തുറഞ്ഞ കാലാവസ്ഥയ്ക്കും ഐസ് മഴക്കും സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ഡാലസ് ഇന്റര്‍നാഷനല്‍ വിമാനത്താവളമായ ഡിഎഫ്ഡബ്ല്യുവില്‍ നിന്നും പറന്നുയരേണ്ടതും വന്നുചേരേണ്ടതുമായ നൂറുകണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി അമേരിക്കന്‍ എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.
600 സര്‍വീസുകള്‍ ബുധനാഴ്ചയും 450 സര്‍വീസുകള്‍ വ്യാഴാഴ്ചയും തല്ക്കാലം റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാരുടെ അസൗകര്യം ഒഴിവാക്കുന്നതിന് വിമാനതാവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് എഎ വെബ് സൈറ്റിലോ, ഫോണിലോ ബന്ധപ്പെട്ടു ബുക്ക് ചെയ്ത വിമാനം പുറപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കണമെന്ന് അമേരിക്കന്‍ എയര്‍ലൈന്‍ വക്താവ് യാംലിക് അറിയിച്ചു.
ലവ്ഫീല്ഡില് നിന്നും പുറപ്പെടുന്ന സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് 75 സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ബുധനാഴ്ച രാത്രിയോടെ താപനില ഫ്രീസിംഗ് പോയിന്റില്‍ എത്തുമെന്നും വ്യാഴാഴ്ച റോഡുകളില്‍ ഐസ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും റോഡിലിറങ്ങുന്നവര്‍ വളരെ സൂക്ഷിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
വ്യാഴാഴ്ച മഴക്കു സാധ്യതയുണ്ടെന്നും വെള്ളിയാഴ്ച വൈകിട്ട് മാത്രമേ താപനില ഉയരുകയുള്ളൂവെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ഡാലസിലെ പല വിദ്യാലയങ്ങള്‍ക്കും, ട്രെയിന്‍ സര്‍വീസിനും അധികൃതര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.