ബോധപൂര്‍വം ഫയല്‍ പൂഴ്ത്തിവയ്ക്കുന്നവര്‍ക്കെതിരെ നടപടി: മന്ത്രി വീണാ ജോര്‍ജ്

Spread the love

ഫയലുകള്‍ തീര്‍പ്പാക്കാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക യജ്ഞം

തിരുവനന്തപുരം: സ്ത്രീകളേയും കുട്ടികളേയും സംബന്ധിച്ചുള്ള ഫയലുകള്‍ ബോധപൂര്‍വം പൂഴ്ത്തിവച്ചാല്‍ നടപടിയുണ്ടാകുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അങ്ങനെയുണ്ടായാല്‍ അവര്‍ അതിന് കാരണം ബോധിപ്പിക്കണം. ജില്ലാതല ഓഫീകളില്‍ തന്നെ നടപടി സ്വീകരിക്കാവുന്നതാണ്. ഫയലുകള്‍ പെട്ടന്ന് തീര്‍പ്പാക്കി പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നത് എല്ലാവരുടേയും ഉത്തരവാദിത്തമാണ്. ഫയലുകളുടെ കാര്യത്തില്‍ വളരെ ആദ്രതയോടെയുള്ള സമീപനം സ്വീകരിക്കണം. വനിത ശിശുവികസന ഡയറക്ടറുമായും സെക്രട്ടറിയേറ്റുമായും ബന്ധപ്പെട്ട് ഫയലുകള്‍ കൈകാര്യം ചെയ്യുന്നതിന് ലെയ്‌സണ്‍ ഓഫീസറുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. മാര്‍ച്ച് എട്ടിനുള്ളില്‍ വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് സെക്രട്ടറിയേറ്റില്‍ സംഘടിപ്പിച്ച പ്രത്യേക യജ്ഞത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

വനിത ശിശുവികസന വകുപ്പിന് കീഴില്‍ വനിത കമ്മീഷന്‍, ബാലാവകാശ കമ്മീഷന്‍, വനിത വികസന കോര്‍പ്പറേഷന്‍, ജെന്‍ഡര്‍ പാര്‍ക്ക്, ശിശുക്ഷേമ സമിതി, വിവിധ ഹോമുകള്‍, നിര്‍ഭയ സെല്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളാണുള്ളത്. ഇവിടെയെല്ലാം തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകള്‍ അടിയന്തരമായി തീര്‍പ്പാക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ മാസം മുതലാണ് മാര്‍ച്ച് 8 ലക്ഷ്യം വച്ച് ഫയല്‍ തീര്‍പ്പാക്കാനായുള്ള പരിശ്രമം തുടങ്ങിയത്. വനിത ശിശുവികസന വകുപ്പില്‍ താരതമ്യേന കുറച്ച് ഫയലുകളാണ് തീര്‍പ്പാക്കാനുള്ളത്. 2,000 ഓളം ഫയലുകളും 200 ഓളം റിപ്പോര്‍ട്ടുകളുമാണ് ഇനി തീര്‍പ്പാക്കാനുള്ളത്. സമയബന്ധിതമായി ഓരോ ഫയലും തീര്‍പ്പാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, വിവിധ സ്ഥാപന മേധാവികള്‍ തുടങ്ങിയവര്‍ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തില്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *