നിർധന വിദ്യാർത്ഥികൾക്കുള്ള ‘വിദ്യാകിരണം’ പദ്ധതിയിലേക്ക് 100 ലാപ്ടോപ്പുകളും രണ്ട് ആംബുലൻസുകൾ ഉൾപ്പെടെ നാലു വാഹനങ്ങളും സംസ്ഥാന സർക്കാരിന് എസ്.ബി.ഐ കൈമാറി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ലാപ്ടോപ്പുകൾ ഏറ്റുവാങ്ങുകയും വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് നിർവഹിക്കുകയും ചെയ്തു. പദ്ധതിയിലേക്കുള്ള രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ലാപ്ടോപ്പുകൾ കൈമാറിയത്. എസ്.ബി.ഐ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ശ്രീകാന്താണ് ലാപ്ടോപ്പ് കൈമാറിയത്. എസ്.ബി.ഐയുടെ സി.എസ്. ആർ പ്രവർത്തനങ്ങളുടെ ഭാഗമായാണിത്. ആദ്യ ഘട്ടത്തിൽ 100 ലാപ്ടോപ്പുകൾ നൽകിയിരുന്നു. സംസ്ഥാനത്തെ ആരോഗ്യ മേഖലയ്ക്ക് പിന്തുണ നൽകുന്നതിനായാണ് രണ്ടു ആംബുലൻസുകൾ ഉൾപ്പെടെ നാലു വാഹനങ്ങൾ നൽകിയത്. വയനാട് കൽപ്പറ്റ ജനറൽ ആശുപത്രിക്ക് ഒരു മഹീന്ദ്ര ബൊലേറോ വാഹനം, തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷന് വേണ്ടി ഒരു ഫോഴ്സ് ട്രാവലർ പേഷ്യന്റ് ട്രാൻസ്പോർട്ട് ആംബുലൻസ്, കൊയിലാണ്ടിയിലെ ചില പ്രദേശങ്ങളിൽ ചികിത്സാ സാമഗ്രികളും മറ്റ് സഹായങ്ങളുമെത്തിക്കുന്നതിനായി രാമകൃഷ്ണ മഠത്തിനു വേണ്ടി മഹീന്ദ്ര ബൊലേറോ ക്യാബർ ഗോൾഡ് ക്യാബ്, കൊല്ലം പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സെന്ററിനായി ഫോഴ്സ് ക്രൂയിസർ ആംബുലൻസ് എന്നിവയാണ് നൽകിയത്.