വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കോവിഡ് വാക്‌സീന്റെ രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചു. 50 കഴിഞ്ഞവര്‍ക്കെല്ലാം കൊറോണ വൈറസിനെതിരെ അധിക സംരക്ഷണത്തിനായി ഒരു ബൂസ്റ്റര്‍ ഡോസ് വാക്‌സീന്‍ കൂടി നല്‍കാന്‍ ഫെഡറല്‍ ഡ്രഗ് ഏജന്‍സി (എഫ്ഡിഎ) അനുമതി നല്‍കിയിരുന്നു. ബുധനാഴ്ച വൈറ്റ് ഹൗസില്‍ വച്ചാണ് ബൈഡന്‍ രണ്ടാം ഡോസ് സ്വീകരിച്ചത്. സെപ്റ്റംബറില്‍ ഒന്നാമത്തെ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചിരുന്നു.
അതീവ വ്യാപന ശക്തിയുള്ള ഒമിക്രോണ്‍ വകഭേദം യുഎസ് വെസ്റ്റ് കോസ്റ്റ് ഉള്‍പ്പെടെയുള്ള വിവിധ പ്രദേശങ്ങളില്‍ സ്ഥിരീകരിച്ചതോടെ അമ്പതു വയസ്സിനു മുകളിലുള്ളവര്‍ രണ്ടാമതും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്നാണ് ഫെഡറല്‍ അധികൃതര്‍ അറിയിച്ചത്. ആദ്യ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചു കഴിഞ്ഞ് നാലു മാസത്തിനുശേഷമാണ് രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടത്.
65 വയസ്സിനു മുകളിലുള്ളവര്‍ കര്‍ശനമായും 50 വയസ്സിനു മുകളില്‍ കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരും രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ ഡോ. റോഷില വലന്‍സ്‌ക്കി നിര്‍ദേശിച്ചു. 50 വയസ്സിനു താഴെയുള്ളവര്‍ക്ക് രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് ആവശ്യമാണോയെന്ന് പഠനം നടത്തിവരികയാണെന്നും വലന്‍സ്‌ക്കി പറഞ്ഞു.
ബൂസ്റ്റര്‍ ഡോസ് അത്യന്താപേക്ഷിതമാണെന്ന് ഫുഡ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ ഡോ. പീറ്റര്‍ മാര്‍ക്ക് അഭിപ്രായപ്പെട്ടു.