ആലപ്പുഴ: മത്സ്യത്തൊഴിലാളികളുടെ മിക്കളില്‍ പത്താം ക്ലാസ്, പ്ലസ് ടൂ പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്ക് മത്സ്യഫെഡ് ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങള്‍ ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ വിതരണം ചെയ്തു. മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പാക്കി വരികയാണെന്ന് അദ്ദേഹം പറഞ്ഞു.
തീരത്തോട് ചേര്‍ന്നുള്ള വീടുകളില്‍ താമസിക്കുന്നവരെ മാറ്റി താമസിപ്പിക്കാന്‍ 2500 കോടി രൂപ ചെലവില്‍ പുനര്‍ഗേഹം പദ്ധതി നടപ്പാക്കി വരികയാണ്. കടലില്‍ പോയി മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്കായി അദാലത്ത് നടത്തി 15 കോടിയോളം രൂപ സഹായധനം നല്‍കാന്‍ സാധിച്ചു. മത്സ്യ സംഘങ്ങളെ ശാക്തീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. -മന്ത്രി പറഞ്ഞു.
ആലപ്പുഴ കര്‍മ്മസദനില്‍ നടന്ന ചടങ്ങില്‍ 2021ല്‍ പത്താം ക്ലാസ്സിലും പ്ലസ് ടൂവിലും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ക്കാണ് ക്യാഷ് അവാര്‍ഡും ഫലകവും സമ്മാനിച്ചത്.
പി.പി ചിത്തരഞ്ജന്‍ എം.എല്‍.എ. അധ്യക്ഷനായി. മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സൗമ്യരാജ്, മത്സ്യഫെഡ് ചെയര്‍മാന്‍ റ്റി. മനോഹരന്‍, ഭരണ സമിതി അംഗം ജി. രാജദാസ്, തീരദേശ വികസന കോര്‍പ്പറേഷന്‍ അംഗം പി.ഐ ഹാരിസ്, മത്സ്യഫെഡ് ജില്ലാ മാനേജര്‍ ബി. ഷാനവാസ്, മത്സ്യ തൊഴിലാളി യൂണിയന്‍ നേതാക്കളായ സി. ഷാംജി, വി.സി മധു, ജെയിംസ് ചിങ്കുതറ, കെ.റ്റി രാജു, ജാക്‌സണ്‍ പൊള്ളയില്‍, ഫാ. ഫ്രാന്‍സിസ് കൊടിയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.