12 മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ക്ക് നല്‍കിയത് 57,025 ഡോസ്.
തിരുവനന്തപുരം: കുട്ടികളുടെ വാക്സിനേഷന് പാളി എന്ന തരത്തിലുള്ള വാര്‍ത്ത തെറ്റാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മൂന്നാഴ്ചയായിട്ടും 12 മുതല്‍ 14 വയസുവരെ പ്രായമുള്ള 751 പേര്‍ക്കു മാത്രമാണ് വാക്സിന് നല്‍കിയതെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. ഇത് തികച്ചും അടിസ്ഥാനരഹിതമാണ്. കേന്ദ്ര സര്‍ക്കാരിന്റെ കോവിന്‍ പോര്‍ട്ടല്‍ വഴിയാണ് വാക്സിനേഷന് നടത്തുന്നത്. ഈ പോര്‍ട്ടല്‍ പരിശോധിച്ചാല്‍ ഇത് എല്ലാവര്ക്കും ബോധ്യമാകും. കൂടാതെ ആരോഗ്യ വകുപ്പിന്റെ വെബ് സൈറ്റില്‍ വാക്സിനേഷന് ബുള്ളറ്റിന് പ്രസിദ്ധീകരിക്കുന്നുണ്ട്. സംസ്ഥാനത്ത് 12 മുതല്‍ 14 വയസുവരെ പ്രായമുള്ള 57,025 പേര്‍ക്ക് ഇതുവരെ വാക്സിന് നല്‍കാനായി. അതിനാല്‍ വാക്സിനേഷനെതിരെയുള്ള ഇത്തരം തെറ്റായ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
വാക്സിനേഷന് എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും (2,69,37,665), 87 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (2,33,58,584) നല്കി. 15 മുതല്‍ 17 വയസുവരെയുള്ള 79 ശതമാനം (12,10,093) കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്സിനും 47 ശതമാനം (7,26,199) പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും നല്കി. ഇതുകൂടാതെ കരുതല്‍ ഡോസിന് അര്‍ഹരായ 41 ശതമാനം പേര്‍ക്ക് (11,99,404) കരുതല്‍ ഡോസും നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് കുട്ടികളുടെ പരീക്ഷാ സമയമായതിനാലാണ് വാക്സിനേഷന് വേണ്ടത്ര വേഗത്തില്‍ നടക്കാത്തത്. അത് ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും വാക്സിനേഷന് തുടങ്ങിയപ്പോള്‍ തന്നെ പറഞ്ഞതാണ്. പരീക്ഷകള്‍ കഴിഞ്ഞ ശേഷം ഇരു വകുപ്പുകളും സംയോജിച്ച് കുട്ടികള്‍ക്കായി പ്രത്യേക വാക്സിനേഷന് യജ്ഞം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.