അറബിക്കടലിന്റെ റാണിയുടെ സ്വന്തം വാട്ടർ മെട്രോ

Spread the love

മികവോടെ മുന്നോട്ട്: 5

വിനോദസഞ്ചാരത്തിന് മുതൽക്കൂട്ട്10 ദ്വീപുകളെ ബന്ധിപ്പിക്കുന്ന ജലയാത്ര
വിവിധ ഗതാഗത മാർഗ്ഗങ്ങളിൽ സ്വയം പര്യാപ്തത നേടിയ ജില്ലയാണ് എറണാകുളം. സംസ്ഥാനത്തെ ഏക മെട്രോ റെയിൽ പ്രവർത്തിക്കുന്ന നഗരം. തീരദേശമുളള കൊച്ചി ജലപാത രംഗത്ത് പുതിയ മാറ്റങ്ങൾക്കുളള തയ്യാറെടുപ്പിലാണ്. കൊച്ചിയിലെ 10 ദ്വീപുകളെ തമ്മിൽ ബന്ധിപ്പിച്ച് 76 കിലോമീറ്റർ ദൂരത്തിലാണ് കൊച്ചി വാട്ടർ മെട്രോ നിർമ്മാണം പുരോഗമിക്കുന്നത്. 78 അത്യാധുനിക ഇലക്ട്രിക്കൽ, ഹൈബ്രിഡ് ബോട്ടുകൾ ഉൾപ്പെടുത്തിയുളള ജലഗതാഗതമാണ് അധികൃതർ ഉറപ്പാക്കുന്നത്. കൊച്ചി മെട്രോ, വൈറ്റില മൊബിലിറ്റി ഹബ്ബ് എന്നിവയുമായി വാട്ടർ മെട്രോയെ ബന്ധിപ്പിച്ചാൽ തദ്ദേശവാസികൾക്ക് യാത്രാ സൗകര്യം മെച്ചപ്പെടുന്നതിനൊപ്പം വിനോദസഞ്ചാരമേഖലയിൽ വൻ മാറ്റമാണ് വരാൻ പോകുന്നത്.
പതിനഞ്ച് റൂട്ടുകളിലാണ് വാട്ടർ മെട്രോ സർവീസ് നടത്തുക. 38 ജെട്ടികൾ ഉണ്ടാകും. 100 പേർക്കും 50 പേർക്കും വീതം സഞ്ചരിക്കാവുന്ന ബോട്ടുകളുമാണ് ഉണ്ടാകുക. 10-20 മിനിറ്റ് ഇടവിട്ട് ബോട്ടുകൾ സർവ്വീസ് നടത്തും. 23 ബോട്ടുകൾ കൊച്ചി ഷിപ്പ്യാർഡാണ് നിർമിക്കുന്നത്. ഇതിൽ ആദ്യ ബോട്ടായ മുസിരിസ് പരീക്ഷണ സവാരി ആരംഭിച്ചു. മറ്റ് ബോട്ടുകൾ നവംബർ മാസത്തോടെ വാട്ടർ മെട്രോയ്ക്ക് കൈമാറും. ബാറ്ററിയും ഡീസൽ ജനറേറ്റർ വഴിയും, രണ്ടും ഉപയോഗിച്ച് ഹൈബ്രിഡ് രീതിയിലും പ്രവർത്തിപ്പിക്കാവുന്നവയാണ് ബോട്ടുകൾ. ലോകത്ത് ആദ്യമായാണ് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ബോട്ട് സർവ്വീസ് പ്രവർത്തനമാരംഭിക്കുന്നത്. 10-15 മിനിറ്റുകൊണ്ട് ബോട്ടുകൾ ചാർജ് ചെയ്യാൻ സാധിക്കും. എട്ട് നോട്ടിക്കൽ പെർ മൈൽ ആണ് ബോട്ടിന്റെ വേഗത. അലുമിനിയം കട്ടമരൻ ഹള്ളിലാണ് ബോട്ടുകൾ നിർമ്മിച്ചിട്ടുള്ളത്. കായൽപ്പരപ്പിലൂടെ വേഗത്തിൽ പോകുമ്പോൾ പരമാവധി ഓളങ്ങൾ കുറക്കുന്ന രീതിയിലാണ് ബോട്ടിന്റെ ഘടന.
യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാനായി പാസഞ്ചർ കൺട്രോൾ സിസ്റ്റം ബോട്ടിലുണ്ടാകും. ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും യാത്ര സുഖകരമാക്കാൻ കോൺക്രീറ്റ് ഫ്ളോട്ടിങ് പോണ്ടൂണുകളിലാണ് ജെട്ടികൾ ഒരുക്കിയിരിക്കുന്നത്. അതിനാൽ വേലിയിറക്കവും വേലിയേറ്റവും ജെട്ടികളെ ബാധിക്കില്ല. സിസി ടിവി ക്യാമറയും സുരക്ഷാ സംവിധാനങ്ങളും ഉണ്ടാകും. സൗരോർജ്ജം പോലുള്ള പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളിൽ നിന്നുമാണ് പദ്ധതിക്കാവശ്യമായ വൈദ്യുതി കണ്ടെത്തുന്നത്. പൂർണമായും എയർകണ്ടീഷൻ ചെയ്ത ബോട്ടിലിരുന്ന് കായൽകാഴ്ചകൾ യാത്രക്കാർക്ക് ആസ്വദിക്കാം. യാത്രാബോട്ടുകൾക്ക് പുറമെ അത്യാവശ്യഘട്ടങ്ങളിൽ കപ്പലിനെ പിന്തുണയ്ക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി നാല് റെസ്‌ക്യൂ കം വർക് ഷോപ്പ് വെസ്സലുകൾ ഉണ്ട്.
വൈറ്റില ഹബ്ബിലെ ഓപ്പറേറ്റിങ് കൺട്രോൾ സെന്ററിൽ നിന്നും ബോട്ടിന്റെ സഞ്ചാരം നിരീക്ഷിക്കാനുളള ഓട്ടോമാറ്റിക് സജ്ജീകരണവും രാത്രി യാത്രയിൽ ബോട്ട് ഓപ്പറേറ്റർക്ക് സാഹായമാകുന്നതിന് തെർമൽ ക്യാമറയും ഒരുക്കുന്നുണ്ട്. 8 ബോട്ട് ടെർമിനലുകളിൽ മൂന്നെണ്ണത്തിന്റെ നിർമാണം പൂർത്തിയായി. കാക്കനാട്, വൈറ്റില, ഏലൂർ ടെർമിനലുകളാണ് പൂർത്തിയായിരിക്കുന്നത്. വൈപ്പിൻ, ബോൾഗാട്ടി, ഹൈകോർട്ട്, സൗത്ത് ചിറ്റൂർ, ചേരാനല്ലൂർ എന്നിവയുടെ നിർമാണം ജൂണോടെ പൂർത്തിയാകും. വൈറ്റില-കാക്കനാട് റൂട്ടിൽ ഡ്രഡ്ജിംഗ് പൂർത്തിയായി. ഹൈക്കോർട്ട്-വൈറ്റില റൂട്ടിൽ ഡ്രഡ്ജിംഗ് പുരോഗമിക്കുന്നു. കൊച്ചി വാട്ടർ മെട്രോ പദ്ധതിക്ക് 819 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ഇന്തോ-ജർമ്മൻ സാമ്പത്തിക സഹകരണത്തിന് കീഴിൽ ജർമ്മൻ ഫണ്ടിങ് ഏജൻസി മുഖേന 579 കോടി ദീർഘകാല വായ്പാ കരാറോടെയാണ് ധനസഹായം നൽകുന്നത്. കേരള സർക്കാർ 102 കോടിയും, സ്ഥലം ഏറ്റെടുക്കാനായി 72 കോടി രൂപയും ചെലവഴിക്കും. ഇതിൽ 66 കോടി രൂപ പിപിപി ആണ്.
വാട്ടർ മെട്രോ സർവ്വീസ് ആരംഭിക്കുന്നതോടെ ദ്വീപ് നിവാസികളുടെ ദൈനംദിന യാത്ര സുഗമമാക്കുന്നതിനൊപ്പം ദ്വീപുകളിലെ വാണിജ്യ, കച്ചവട സാധ്യതകൾക്കും പുതിയ വഴി തുറക്കും. യാത്രക്കായി ജലപാത ഉപയോഗിക്കുന്നതോടെ കാർബൺ ഡൈഓക്സൈഡ് ബഹിർഗമനത്തിൽ പ്രതിവർഷം 22800 മെട്രിക് ടൺ കുറവ് കൊച്ചി മെട്രോ നഗരത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കൊച്ചി നിവാസികളുടെ ജീവിത നിലവാരത്തിൽ വൻ മാറ്റം പ്രതീക്ഷിക്കുന്ന പദ്ധതിയാണ് കൊച്ചി വാട്ടർ മെട്രോ.

Author

Leave a Reply

Your email address will not be published. Required fields are marked *