പ്രാദേശിക ചലച്ചിത്ര മേളക്ക് ചൊവ്വാഴ്ച കൊടിയിറക്കം

Spread the love

എറണാകുളം: മനുഷ്യന്റെ അതിജീവനക്കാഴ്ചകളുമായി അഞ്ച് ദിവസം സിനിമാപ്രേമികൾക്ക് വിരുന്നൊരുക്കിയ പ്രാദേശിക രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ചൊവ്വാഴ്ച കൊച്ചിയിൽ തിരശീല വീഴും. ബംഗ്ലാദേശ്, അസർബൈജാൻ, ഇറാൻ, മ്യാന്മർ, തുർക്കി, ഫ്രാൻസ് തുടങ്ങി 20 തിലധികം രാജ്യങ്ങളിൽ നിന്നുള്ള 68 ചിത്രക്കാഴ്ചകൾക്കാണ് ചൊവ്വാഴ്ച സമാപനമാകുന്നത്. കോവിഡ് വെല്ലുവിളികൾക്കു ശേഷം അധികം നിയന്ത്രണങ്ങളില്ലാതെ നടത്തിയ ചലച്ചിത്രോത്സവം കൊച്ചിയിൽ തീർത്തത് ആഘോഷ രാവുകളാണ്.

മത്സര വിഭാഗത്തിൽ ഇക്കുറി പ്രദർശിപ്പിച്ച പകുതി ചിത്രങ്ങളും ഒരുക്കിയത് വനിതാ സംവിധായകരായിരുന്നു. സ്പാനിഷ് ചിത്രം കമീല കംസ് ഔട്ട് റ്റു നെറ്റ്, നതാലിഅൽവാരിസ് മീസെൻ സംവിധാനം ചെയ്ത ക്ലാരാ സോല, ക്രോയേഷ്യൻ ചിത്രം മ്യൂറീന, ദിന അമീർ സംവിധാനം ചെയ്ത യു റീസെമ്പിൾ മി, കമീലാ ആന്റിനിയുടെ യൂനി, കോസ്റ്റ ബ്രാവ ലെബനൻ എന്നി ചിത്രങ്ങൾ പ്രേക്ഷകർ നിറഞ്ഞ സദസിൽ വരവേറ്റു.

താരാ രാമാനുജൻ സംവിധാനം ചെയ്ത നിഷിദ്ധോ,കൃഷാന്ത് സംവിധാനം ചെയ്‌ത ആവാസവ്യൂഹം വിനോദ് രാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം കൂഴങ്കൽ, ഐ ആം നോട്ട് ദി റിവർ ഝലം എന്നീ ഇന്ത്യൻ മത്സര ചിത്രങ്ങൾക്കും മികച്ച പ്രതികരണം ലഭിച്ചു.

ലോകത്തിന്റെ സൗന്ദര്യവും സംഘർഷവും ആവിഷ്കരിക്കുന്ന 28 വൈവിധ്യകാഴ്ചകളിൽ ഏഷ്യൻ വേൾഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായ ബ്രൈറ്റൻ ഫോർത്ത്, അഹെഡ്‌സ് നീ, ബ്രദേർസ് കീപ്പർ ,ഹൈവ് തുടങ്ങിയ ചിത്രങ്ങൾ മേളയിൽ പ്രേക്ഷക പ്രീതി നേടി. രണ്ടു തവണ ഓസ്കാർ പുരസ്‌കാരം നേടിയ ഇറാനിയൻ സംവിധായകൻ അസ്‌ഗർ ഫർഹാദിയുടെ എ ഹീറോ എന്ന ചിത്രത്തെയും നിറഞ്ഞ കയ്യടിയോടെ പ്രേക്ഷകർ ഏറ്റെടുത്തു.

അഫ്ഘാനിലെ സംഘർഷഭരിതമായ ജീവിത സാഹചര്യങ്ങളും അതിജീവനവും പശ്ചാത്തലമാക്കിയ ചിത്രങ്ങളുടെ പ്രദർശനവും ഇത്തവണ മേളയുടെ മാറ്റ് കൂട്ടി. ബംഗാളി സംവിധായകനായ ബുദ്ധദേവ് ദാസ് ഗുപ്‌ത, മലയാളത്തിന്റെ അഭിമാനം കെ .എസ് .സേതുമാധവൻ, കെ പി എ സി ലളിത, നെടുമുടി വേണു തുടങ്ങി ആറ് ചലച്ചിത്ര പ്രവർത്തകർക്ക് മേള ചിത്രാർപ്പണം ഒരുക്കി.

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നിറം പകരാൻ ഇത്തവണ സരിത തിയറ്റർ പരിസരത്ത് സായന്തനങ്ങളിൽ അരങ്ങേറിയ വിവിധ സാംസ്‌കാരിക പരിപാടികളിൽ ആയിരങ്ങളാണ് പങ്കുചേർന്നത്.

അവസാന ദിനത്തിൽ ബ്രൈറ്റൻ ഫോർത്ത്

കൊച്ചി പ്രാദേശിക ചലച്ചിത്ര മേളക്ക് വിട പറഞ്ഞുകൊണ്ട് അച്ഛനും മകനും തമ്മിലുള്ള ഹൃദയബന്ധം പറയുന്ന ബ്രൈറ്റൻ ഫോർത്ത്. മേളയുടെ അവസാന ദിനമായ ചൊവ്വാഴ്ച്ച രാത്രി 8:30ന് മുഖ്യ വേദിയായ സരിത തീയേറ്ററിൽ ചിത്രം പ്രദർശിപ്പിക്കും. ലോസ് ഏഞ്ചൽസിൽ നടന്ന ഏഷ്യൻ വേൾഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ഉൾപ്പെടെ വിവിധ ചലച്ചിത്ര മേളകളിലായി ആറ് പുരസ്കാരങ്ങളും,ഏഷ്യാ പസഫിക് സ്‌ക്രീൻ അവാർഡുകൾ ഉൾപ്പെടെ ആറ് മേളകളിലേക് ചിത്രം നാമനിർദ്ദേശവും ചെയ്യപ്പെട്ടിരുന്നു.

ചൂതാട്ടത്തെ തുടർന്നുണ്ടായ കടത്തിൽ നിന്ന് മകനെ കരകയറ്റുക എന്ന ലക്ഷ്യത്തോടെ മുൻ ഗുസ്തിക്കാരനായ ഒരാൾ ജോർജിയയിൽ നിന്ന് റഷ്യൻ ഭാഷ സംസാരിക്കുന്ന ബ്രൂക്ക്ലിനിലെ ഒരു പ്രദേശത്ത് തന്റെ മകനെ കാണാനായി പുറപ്പെടുന്നതാണ് ചിത്രത്തിന്റെ പ്രമേയം .ഒരുപോലെ ഊഷ്മളവും വിഷാദവും ട്രാജികോമഡിയും നിറഞ്ഞതാണ് ലെവാൻകോഗ്വാശ്വിലി യുടെ ബ്രൈറ്റൻ ഫോർത്ത്.

Author

Leave a Reply

Your email address will not be published. Required fields are marked *