രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷിക ദിനമായ മെയ് 20ന് മുന്നോടിയായി സംഘടിപ്പിക്കുന്ന ആഷോഷത്തിന്‍റെ ഭാഗമായി നടത്തേണ്ട പ്രദര്‍ശന വിപണന മേളകള്‍ ഒരുമാസം മുന്നെ ഏപ്രില്‍ 3ന് കണ്ണൂര് ആരംഭിച്ചത് സിപിഎമ്മിന്‍റെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ പ്രചരണത്തിന് വേണ്ടിയായിരുന്നെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍.
കണ്ണൂരിലെ പോലീസ് ഗൗണ്ടില്‍ എന്‍റെ കേരളം മെഗാ എക്സിബിഷന്‍ എന്ന പേരിലാണ് പ്രദര്‍ശന വിപണന മേള ആരംഭിച്ചത്. ഇത് സര്‍ക്കാര്‍ ചെലവില്‍ സിപിഎം ദേശീയസമ്മേളനം കൊഴിപ്പിക്കാനായിരുന്നു. മറ്റുജില്ലകളില്‍ ഇൗ മാസം അവസാനത്തോടെയാണ് പ്രദര്‍ശനവിപണന മേളകള്‍ ആരംഭിക്കുന്നതെന്നും ഇതോടൊപ്പം കൂട്ടിചേര്‍ത്ത് വായിക്കണം.
പ്രദര്‍ശനവിപണന മേളകള്‍ സംസ്ഥാനത്തെ ആറു കോര്‍പ്പേറഷനുകളില്‍ വിപുലമായും മറ്റു ജില്ലാ കേന്ദ്രങ്ങളില്‍ പരിമിതപ്പെടുത്തിയും സംഘടിപ്പിക്കാനാണ് പബ്ലിക്ക് റിലേഷന്‍ വകുപ്പ് ഉത്തരവ് ഇറക്കിയത്. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന കണ്ണൂര്‍ കോപറേഷന്‍ പരിധിയിലാണ്. അതിനാലാണ് കോര്‍പ്പറേഷനുകള്‍ക്ക് മേള നടത്തിപ്പിന് കൂടുതല്‍ തുക അനുവദിച്ചതും പരിപാടികള്‍ വിപുലമായി നടത്തിയതും. എക്സബിഷനോട് ചേര്‍ന്നാണ് സിപിഎമ്മിന്‍റെ ചരിത്ര പ്രദര്‍ശനവും നടക്കുന്നത്. സര്‍ക്കാര്‍ ഫണ്ട് ഏതെല്ലാം തലത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതിന്‍റെ തെളിവാണിത്.
ഒന്നാം വാര്‍ഷിക ആഷോഷവുമായി ബന്ധപ്പെട്ട പ്രദര്‍ശന മേളക്ക് സര്‍ക്കാര്‍ 35 കോടി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. ഇതിന് പുറമെ വിവിധ വകുപ്പുകള്‍ക്ക് മേളയില്‍ പങ്കെടുക്കുന്നതിനായി പ്ലാന്‍ ആന്‍റ് നോണ്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും ആവശ്യമായ തുക വിനിയോഗിക്കാനും അനുമതി നല്‍കി. കുറഞ്ഞത് 100 കോടി രൂപയെങ്കിലും സര്‍ക്കാര്‍ വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് ധൂര്‍ത്തടിക്കാനാണ് സര്‍ക്കാര്‍ സാഹചര്യം സൃഷ്ടിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സര്‍ക്കാര്‍ പാര്‍ട്ടി സമ്മേളനത്തിന്‍റെ പ്രചാരണം ലക്ഷ്യമാക്കി പാവപ്പെട്ട നികുതിദായകന്‍റെ പണം ചെലവാക്കുന്നത് നഗ്നമായ അധികാര ദുര്‍വിനിയോഗവും അഴിമതിയുമാണ്. ഇന്ധനവില വര്‍ധനവിനെ തുടര്‍ന്ന് ജനം വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുകയാണ്. ഇന്ധനനികുതിയില്‍ ഇളവ് വരുത്തി ജനത്തിന് ആശ്വാസം പകരാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. വിലക്കയറ്റം നിയന്ത്രിക്കുന്നതിനും വിഷു-റംസാന്‍ വിപണിയില്‍ കാര്യക്ഷമമായി ഇടപ്പെടുന്നതിനും മുഖ്യമന്ത്രിയും സര്‍ക്കാരും ഒരു താല്‍പ്പര്യവും കാണിക്കുന്നില്ല. അതിന് പകരം പാര്‍ട്ടി സമ്മേളനം ഭംഗിയാക്കുന്നതിനും അതിന്‍റെ പ്രചാരണത്തിനുമായി ഖജനാവില്‍ നിന്നും ഉള്‍പ്പെടെ കോടികളാണ് പൊടിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രതിഷേധാര്‍ഹമാണെന്നും ഹസ്സന്‍ പറഞ്ഞു.