കൊച്ചി: വന്യജീവി അക്രമത്തിനെതിരെ വിവിധ കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ നേതൃത്വത്തില്‍ സംസ്ഥാന തലത്തില്‍ നടത്തുന്ന കര്‍ഷകരുടെ സംഘടിത ജനകീയ പ്രതിരോധത്തിന് തൃശൂരില്‍ തുടക്കമാകുന്നു.
ഏപ്രില്‍ 23 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് തൃശൂര്‍ ജില്ലയിലെ ചാലക്കുടി കൊന്നക്കുഴിയില്‍ കര്‍ഷകരുള്‍പ്പെടെ എല്ലാ ജനവിഭാഗങ്ങളും ഒരുമിച്ചു ചേരും. ആനകളും കാട്ടുപന്നികളുമുള്‍പ്പെടെ വന്യജീവികളുടെ ദിവസേനയുള്ള അക്രമം മനുഷ്യജീവന് ഉയര്‍ത്തുന്ന വെല്ലുവിളിയും കൃഷിനാശവും അതിരൂക്ഷമായ സാഹചര്യത്തിലാണ് പ്രദേശവാസികള്‍ ഒന്നടങ്കം സംഘടിച്ച് കാട്ടാനയെയും കാട്ടുപന്നിയെയും കാട്ടിലേയ്ക്ക് ഓടിക്കുന്ന പ്രതിരോധ പോരാട്ടമുഖം തുറക്കുന്നതെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്മാന് ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍, ജനറല്‍ കണ്‍വീനര്‍ അഡ്വ.ബിനോയ് തോമസ് എന്നിവര്‍ പറഞ്ഞു. ഇതോടുകൂടി കേരളത്തിന്റെ ഗ്രാമീണമേഖലയില്‍ നിലനില്പിനായുള്ള കര്‍ഷക പോരാട്ടത്തിന് പുതിയ പോര്‍മുഖം തുറക്കുമെന്നും തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിലേയ്ക്ക് പ്രതിരോധം വ്യാപിപ്പിക്കുമെന്നും ഇവര്‍ സൂചിപ്പിച്ചു.
പകല്‍ സമരങ്ങള്‍ നിരന്തരം കണ്ടിട്ടുള്ള സംസ്ഥാനത്ത് കര്‍ഷകരുടെ രാത്രിയിലുള്ള വന്യജീവി പ്രതിരോധം സ്വന്തംമണ്ണില്‍ നിലനില്‍പ്പിനായുള്ള പോരാട്ടമാണ്. വന്യജീവികളെ വനത്തില്‍ സംരക്ഷിക്കുന്നതില്‍ വനംവകുപ്പ് പരാജയപ്പെട്ടതുകൊണ്ട് സ്വയം രക്ഷയ്ക്കായി കര്‍ഷകര്‍ പ്രതിരോധം തീര്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് കര്‍ഷകജനകീയ പ്രതിരോധത്തിന് നേതൃത്വം നല്കുന്ന രാഷ്ട്രീയ കിസാന്‍ മഹാസംഘ് നേതാക്കളായ ജനറ്റ് മാത്യു, ജോയി കൈതാരം, അബ്രാഹം മോറേലി, മാത്യു അച്ചാടന് എന്നിവര്‍ പറഞ്ഞു. .
ഏപ്രില്‍ 23ന് 6 മണിക്ക് കൊന്നക്കുഴി ദേവാലയ പരിസരത്ത് കര്‍ഷകര്‍ ഒത്തുചേരും. തുടര്‍ന്നുള്ള പ്രതിഷേധ ജാഥയ്ക്കുശേഷം തീപന്തങ്ങളുമായി വിവിധ സംഘങ്ങളായി രാത്രിയിലുടനീളം കൃഷിസ്ഥലങ്ങളിലൂടെ ചുറ്റിയടിച്ച് കര്ഷകഭൂമിയിലേയ്ക്കിറങ്ങുന്ന വന്യമൃഗങ്ങളെ തുരത്തിയോടിക്കും.
ഏപ്രില്‍ 28ന് രാവിലെ 10 മണിക്ക് കോട്ടയത്തുചേരുന്ന രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന കമ്മിറ്റി കര്‍ഷക ജനകീയ പ്രതിരോധം സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിനുള്ള രൂപരേഖ പ്രഖ്യാപിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ അഡ്വ.ബിനോയ് തോമസ് അറിയിച്ചു.
അഡ്വ.ബിനോയ് തോമസ്
ജനറല്‍ കണ്‍വീനര്‍, രാഷ്ട്രീയ കിസാന്‍ മഹാസംഘ്
മൊബൈല്‍: +91 94476 91117