തിരുവനന്തപുരം സ്മാർട്ട് സിറ്റി : റോഡുകൾ സ്മാർട്ട് റോഡുകൾ ആക്കാനുള്ള പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കരാറുകാരന് നോട്ടീസ് നൽകും; തീരുമാനം മന്ത്രിമാരായ വി ശിവൻകുട്ടിയും ആന്റണി രാജുവും പങ്കെടുത്ത യോഗത്തിൽ.
തിരുവനന്തപുരത്ത് സ്മാർട്സിറ്റി പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് റോഡുകൾ സ്മാർട്ട് റോഡുകൾ ആക്കാനുള്ള പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കരാറുകാരന് നോട്ടീസ് നൽകാൻ തീരുമാനം. മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. യോഗത്തിൽ തിരുവനന്തപുരം ജില്ലാ കളക്ടർ നവജ്യോത് ഖോസയും തിരുവനന്തപുരം കോർപ്പറേഷൻ മേയർ എസ് ആര്യ രാജേന്ദ്രനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.
40 റോഡുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ 17 റോഡുകളുടെ പ്രവർത്തികൾ ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിൽ ചരിത്രവീഥി റോഡ് ടൈൽ പാകി ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. ഫോർട്ട് വാർഡിലെ പത്മാനഗർ കോളനിയിലെ രണ്ട് റോഡുകളിലും താലൂക്ക് ഓഫീസ് റോഡിലെ അഗ്രഹാരതെരുവുകളിലെ നാല് റോഡുകളിലും അവസാനഘട്ട പ്രവർത്തികൾ നടന്നുവരികയാണ്. ഇവ ഏപ്രിൽ 25ന് മുമ്പ് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ബാക്കി വരുന്ന 10 റോഡുകളുടെ പ്രവർത്തികൾ 2022 മെയ് മാസം അവസാനത്തോടുകൂടി പൂർത്തീകരിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.