ചെക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കും : മന്ത്രി വീണാ ജോര്‍ജ്

Spread the love

ഓപ്പറേഷന്‍ മത്സ്യ: 1707 കിലോ കേടായ മത്സ്യം പിടിച്ചെടുത്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്‌ക്കരിച്ച ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായുള്ള ‘ഓപ്പറേഷന്‍ മത്സ്യ’ വഴി 1706.88 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം പിടിച്ചെടുത്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി പ്രധാന ചെക്ക് പോസ്റ്റുകള്‍, ഹാര്‍ബറുകള്‍ മത്സ്യ വിതരണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 1070 പരിശോധനകളാണ് നടത്തിയത്. ഈ കേന്ദ്രങ്ങളില്‍ നിന്നും ശേഖരിച്ച 809 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ഇതോടെ ഈ കാലയളവില്‍ 3631.88 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യമാണ് നശിപ്പിച്ചത്. റാപ്പിഡ് ഡിറ്റക്ഷന്‍ കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തിയ 579 പരിശോധനയില്‍ ആലുവ, തൊടുപുഴ, നെടുംങ്കണ്ടം, മലപ്പുറം എന്നിവിടങ്ങളിലെ 9 സാമ്പിളുകളില്‍ രാസ വസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ മത്സ്യം നശിപ്പിക്കുകയും കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചു വരികയും ചെയ്യുന്നു. പരിശോധനയില്‍ നൂനത കണ്ടെത്തിയ 53 പേര്‍ക്ക് നോട്ടീസുകള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ചെക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കുന്നതാണ്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരടങ്ങുന്ന സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് രാത്രിയും പകലുമായി പരിശോധനകള്‍ തുടരുകയാണ്. അന്യ സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന മത്സ്യം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമാണോ എന്ന് പരിശോധിക്കുന്നതിന് എല്ലാ ചെക് പോസ്റ്റുകളിലും സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന നടത്തുന്നു. സംസ്ഥാനത്തെ എല്ലാ മാര്‍ക്കറ്റുകളിലും വിറ്റഴിക്കപ്പെടുന്ന മത്സ്യങ്ങളും പൊതുജനാരോഗ്യ പ്രശ്‌നങ്ങളില്ലാത്ത സുരക്ഷിതമായ മത്സ്യമാണെന്ന് ഉറപ്പാക്കുന്നതിന് സംസ്ഥാനത്തെ മുഴുവന്‍ മത്സ്യലേല കേന്ദ്രങ്ങള്‍, ഹാര്‍ബറുകള്‍, മൊത്തവിതരണ കേന്ദ്രങ്ങള്‍, ചില്ലറ വില്‍പ്പനശാലകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധനകള്‍ നടത്തി വരുന്നത്.

നിരന്തര പരിശോധന നടത്തി മീനില്‍ രാസവസ്തുക്കളുടെ സാന്നിധ്യം ഇല്ല എന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. അതിനായി കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെകനോളജി വികസിപ്പിച്ചെടുത്ത റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിച്ചാണ് അമോണിയയുടെയും ഫോര്‍മാലിന്റെയും സാന്നിധ്യം ഉണ്ടോ എന്ന് പരിശോധിക്കുന്നത്. അതോടൊപ്പം ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലാബുകളിലും പരിശോധിക്കുന്നു. ഈ സംവിധാനത്തിലൂടെ സംസ്ഥാനത്തെ മത്സ്യവിപണനം രാസവസ്തു മുക്തമാണെന്ന് ഉറപ്പുവരുത്തുന്നു. മത്സ്യത്തില്‍ രാസവസ്തു കലര്‍ത്തി വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി.
അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *