മലമ്പനി മൂലമുള്ള മരണം ഇല്ലാതാക്കുക ലക്ഷ്യം : മന്ത്രി വീണാ ജോര്‍ജ്

Spread the love

ലോക മലമ്പനി ദിനം ആചരിച്ചു.

തിരുവനന്തപുരം: 2025 ഓടെ കേരളത്തില്‍ നിന്ന് തദ്ദേശീയ മലമ്പനി ഇല്ലാതാക്കാനും മലമ്പനി മൂലമുള്ള മരണം ഇല്ലാതാക്കുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലമ്പനി നിവാരണത്തിനുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കി പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം എന്നീ 5 ജില്ലകളില്‍ ഈ വര്‍ഷം മലമ്പനി നിവാരണ പ്രഖ്യാപനം നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഘട്ടം ഘട്ടമായി നടന്നുവരുന്നു. മലമ്പനി മൂലമുള്ള രോഗാതുരതയും മരണവും കുറയ്ക്കുന്നതിനായി നൂതന സാങ്കേതിക മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്താം എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. ഈ സന്ദേശം അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ നമുക്കു കഴിയണം എന്നും മന്ത്രി പറഞ്ഞു. ലോക മലമ്പനി ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയില്‍ ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

വി.കെ. പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തിരുവനന്തപുരം നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ജമീല ശ്രീധരന്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍. രാജു, അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി. മീനാക്ഷി, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. വിദ്യ, ദേശീയ പ്രാണീജന്യ രോഗ നിയന്ത്രണ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. ബിനോയ് എസ്. ബാബു, ഫൈലേറിയ കണ്‍സള്‍ട്ടന്റ് ഡോ. ടി. ദിലീപ് കുമാര്‍, എന്റമോളജി അസിസ്റ്റന്റ് ഡയറക്ടര്‍ എം.എസ്. ശശി, ഫൈലേറിയ അസിസ്റ്റന്റ് ഡയറക്ടര്‍ വി സന്തോഷ് കുമാര്‍, നഴ്‌സിങ് അഡീഷണല്‍ ഡയറക്ടര്‍ എം.ജി ശോഭന, സ്‌റ്റേറ്റ് മാസ് എജൂക്കേഷന്‍ മീഡിയ ഓഫീസര്‍ ഇന്‍ ചാര്‍ജ് കെ.എന്‍. അജയ് എന്നിവര്‍ പങ്കെടുത്തു. പേരൂര്‍ക്കട ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എ.എല്‍. ഷീജ നന്ദി പറഞ്ഞു.

ലോക മലമ്പനി ദിനാചാരണത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ബോധവത്ക്കരണ സെമിനാറില്‍ അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി. മീനാക്ഷി മലമ്പനി രോഗത്തിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് ക്ലാസ് എടുത്തു. ചടങ്ങിനോടനുബന്ധിച്ച് മലമ്പനിയെക്കുറിച്ചുള്ള ബോധവത്ക്കരണ പ്രദര്‍ശനവും സംഘടിപ്പിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *