മാര്‍ക്കം(ഒന്റാരിയോ): ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനു നേതൃത്വം നല്‍കിയ പ്രമുഖ നേതാക്കളില്‍ ഉരുക്കുമനുഷ്യന്‍ എന്നറിയപ്പെട്ടിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പൂര്‍ണ്ണകായ പ്രതിമ ഒന്റേറിയോ മാര്‍ക്കം സനാതന്‍ മന്ദിര്‍ കള്‍ച്ചറല്‍ സെന്ററില്‍ അനാച്ഛാദനം ചെയ്തു.മേയ് 1ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതോടനുബന്ധിച്ചു വിഡിയോ സന്ദേശം നല്‍കി.
ഇന്ത്യയും കാനഡയും തമ്മിലുള്ള സൗഹൃദത്തിന്റെ ഉത്തമ ഉദാഹരണമാണു സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ ഇവിടെ അനാച്ഛാദനം ചെയ്തതിലൂടെ തെളിയിക്കപ്പെട്ടിരിക്കുന്നതെന്ന് മോദി പറഞ്ഞു. ഇന്ത്യന്‍ സംസ്‌ക്കാരത്തേയും ഇന്ത്യ ഉയര്‍ത്തി പിടിക്കുന്ന മൂല്യങ്ങളേയും ഇതിലൂടെ ഭാവിതലമുറക്ക് ചൂണ്ടി കാണിക്കാന്‍ കഴിയട്ടെ എന്നും മോദി ആശംസിച്ചു.
ഇന്ത്യന്‍ ജനത ലോകത്തിന്റെ ഏതു ഭാഗത്തു ജീവിച്ചാലും എത്ര തലമുറകള്‍ മാറി വന്നാലും ഇന്ത്യയോടുള്ള വിശ്വസ്തതയ്ക്ക് ഒരിക്കലും ഭംഗം വരികയില്ലെന്നും മോദി പറഞ്ഞു.സ്വതന്ത്ര ഇന്ത്യയില്‍ സോമനാഥ ക്ഷേത്രം പട്ടേല്‍ പുനഃസ്ഥാപിച്ചത് എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും വിസ്മരിക്കപ്പെടുകയില്ലെന്നും മോദി ചൂണ്ടിക്കാട്ടി. ആസാദി കാ അമൃത് മഹോത്സവ്, ഗുജറാത്ത് ഡേയില്‍ സര്‍ദാര്‍ വിഭാവനം ചെയ്ത പുതിയ ഇന്ത്യക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതിനു പ്രതിജ്ഞയെടുക്കണമെന്നും മോദി അഭ്യര്‍ഥിച്ചു.