കോട്ടയം: കുമരകത്ത് വിനോദസഞ്ചാരികളടക്കം ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥ ഒഴിവാക്കാൻ കാരിക്കാത്തറ (കോണത്താറ്റ്) പാലത്തിന്റെ നിർമാണത്തിലൂടെ കഴിയുമെന്ന് സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കോട്ടയം-കുമരകം റോഡിലെ കാരിക്കാത്തറ (കോണത്താറ്റ്) പാലത്തിന്റെ നിർമാണോദ്ഘാടനം ആറ്റമംഗലം സെന്റ് ജോൺസ് യാക്കോബൈറ്റ് സിറിയൻ പള്ളി അങ്കണത്തിൽ നടന്ന ചടങ്ങിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.പാലത്തിന്റെ നിർമ്മാണം കഴിഞ്ഞാലുടൻ കുമരകം-കോട്ടയം റോഡിന്റെ ബാക്കിയുള്ള നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കും. ഇല്ലിക്കൽ പാലം മുതൽ കൈപ്പുഴമുട്ട് വരെയുള്ള 13.3 കിലോമീറ്റർ റോഡ് വികസിപ്പിക്കുന്നതിന് കിഫ്ബി 120 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ടെന്നും മികച്ച നിലവാരത്തിൽ ഇത് പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.കോട്ടയം-കുമരകം റോഡിൽ ഗതാഗതക്കുരുക്ക് നേരിടുന്ന ഇടുങ്ങിയ പാലമാണ് കോണത്താറ്റ് പാലം.നാലുമീറ്റർ മാത്രമാണ് നിലവിലെ പാലത്തിന്റെ വീതി. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി മന്ത്രി മുൻകൈയെടുത്താണ് പുതിയ പാലം നിർമിക്കുന്നതിന് നടപടികൾ സ്വീകരിച്ചത്. കേരള റോഡ് ഫണ്ട് ബോർഡിന്റെ മേൽനോട്ടത്തിൽ കിഫ്ബി മുഖേന 7.94 കോടി രൂപ ചെലവഴിച്ചാണ് പുതിയ പാലം നിർമിക്കുക. 26.20 മീറ്റർ നീളത്തിലും 13 മീറ്റർ വീതിയിലുമാണ് നിർമാണം. ഇരുവശങ്ങളിലുമായി 55, 34 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡും നിർമിക്കും. 18 മാസമാണ് നിർമാണ കാലാവധി. നിർമാണ സമയത്ത് വാഹനങ്ങൾ കടന്നുപോകുന്നതിന് പാലത്തിന്റെ ഇടതുവശത്തായി 150 മീറ്റർ നീളത്തിൽ സർവീസ് റോഡ് സ്ഥാപിക്കും.കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യസാബു അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തി.