സംസ്ഥാനത്തെ മികച്ച ഐ ടി ഐ കൾക്കുള്ള പുരസ്‌കാരങ്ങൾ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സമ്മാനിച്ചു

Spread the love

സംസ്ഥാനത്തെ മികച്ച ഐ ടി ഐ കൾക്കുള്ള പുരസ്‌കാരങ്ങൾ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സമ്മാനിച്ചു. നാല് വിഭാഗങ്ങളിലായി 12 ഐ ടി ഐകളാണു പുരസ്‌കാരത്തിനു തെരഞ്ഞെടുക്കപ്പെട്ടത്.
ഗവ. ഐ ടി ഐ ഗ്രേഡ് ഒന്നിൽ കഴക്കൂട്ടം ഗവ. വനിതാ ഐ ടി ഐ, കോഴിക്കോട് ഗവ. വനിതാ ഐ ടി ഐ, അരീക്കോട് ഗവ. ഐ ടി ഐ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഗവൺമെന്റ് ഐ.ടി.ഐ. ഗ്രേഡ് രണ്ടിൽ കളമശേരി വനിതാ ഐ.ടി.ഐ, ചാലക്കുടി വനിതാ ഐ.ടി.ഐ, കണ്ണൂർ വനിതാ ഐ.ടി.ഐ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ഗവണ്മെന്റ് എസ്.സി.ഡി.ഡി/എസ്.ടി.ഡി.ഡി. ഗ്രേഡ് ഒന്നിൽ പാണ്ടിക്കാട് ഗവ. ഐ.ടി.ഐ, ആറ്റിപ്ര ഗവ. ഐ.ടി.ഐ, ഓച്ചിറ ഗവ. ഐ.ടി.ഐ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സ്വകാര്യ ഐ.ടി.ഐ.കളിൽ എറണാകുളം ബാലാനഗർ ടെക്നിക്കൽ ഐ.ടി.ഐ, സൗത്ത് കളമശേരി ലിറ്റിൽ ഫ്ളവർ എൻജിനിയറിങ് ഇൻസ്റ്റിറ്റ്യൂട്ട്, ആലപ്പുഴ ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പ്രൈവറ്റ് ഐ.ടി.ഐ. എന്നിവർ വിവിധ സ്ഥാനങ്ങൾ നേടി. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയവർക്ക് യഥാക്രമം ഒരു ലക്ഷം, 75,000, 50,000 രൂപ വീതവും മോമന്റോയും പ്രശസ്തിപത്രവും പുരസ്‌കാരമായി ലഭിച്ചു. 2021 അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ വിവിധ ട്രേഡുകളിലായി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മാർക്ക് നേടിയ 78 ട്രെയിനികൾക്കുള്ള പ്രൊഫിഷ്യൻസി പുരസ്‌കാര ദാനവും നടന്നു.

വിദ്യാർഥികൾക്കും പരിശീലകർക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന ഇ-ലേണിംഗ് പ്ലാറ്റ്ഫോം ‘സ്‌മൈൽ’ സോഫ്റ്റ് വെയർ പ്രകാശനം ചടങ്ങിൽ മന്ത്രി നിർവഹിച്ചു. ഐ.ടി.ഐ.കളുടെ പഠന നിലവാരമുയർത്താൻ സഹായകമാകുന്ന വിപ്ലവകരമായ മാറ്റങ്ങൾ ഭാവിയിൽ ഈ മേഖലയിൽ പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *