ഇക്കണോമിക് ഒഫൻസ് വിങ്, കണ്ണൂർ സിറ്റി പോലീസ് ജില്ലാ ഫോറൻസിക് സയൻസ് ലാബ്, പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി, പേരാവൂർ പോലീസ് സ്റ്റേഷനുകളിലെ വനിത, ശിശുസൗഹൃദ ഇടം ഉദ്ഘാടനം ചെയ്തു.
അടുത്തിടെ സംസ്ഥാനത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് അറുതി വരുത്തുകയാണ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കീഴിൽ രൂപീകരിച്ച ഇക്കണോമിക് ഒഫൻസ് വിങ് ലക്ഷ്യം വെക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സംസ്ഥാന സർക്കാറിന്റെ നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന ക്രൈംബ്രാഞ്ചിന് കീഴിൽ രൂപീകരിച്ച ഇക്കണോമിക് ഒഫൻസ് വിങ്, കണ്ണൂർ സിറ്റി പോലീസ് ജില്ലാ ഫോറൻസിക് സയൻസ് ലാബ്, പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി, പേരാവൂർ പോലീസ് സ്റ്റേഷനുകളിലെ വനിത, ശിശുസൗഹൃദ ഇടം തുടങ്ങിയവയുടെ
ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സാക്ഷരതയിലും സാങ്കേതിക അവബോധത്തിലും ഏറെ മുന്നിലായിട്ടും ഓൺലൈൻ തട്ടിപ്പ് ഉൾപ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ഇരയാവുന്നവരിൽ ഭൂരിപക്ഷവും മലയാളികളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇത് കേരളത്തെ സംബന്ധിച്ചിടത്തോളം വൈരുധ്യമാണ്. ഇത്തരം അബദ്ധങ്ങളെ സംബന്ധിച്ച വിവരങ്ങൾ പലതവണ പുറത്തുവന്നിട്ടും മലയാളി വീണ്ടും വീണ്ടും ഇത്തരം ചതിക്കുഴികളിൽ വീഴുന്നു എന്നത് ഗൗരവമായി പരിശോധിക്കണം. ഉത്തരേന്ത്യയിലും വിദേശത്തുമായി പ്രവർത്തിക്കുന്ന സംഘങ്ങളാണ് ഇത്തരം തട്ടിപ്പുകൾക്ക് പിന്നിൽ. മുതിർന്ന രാഷ്ട്രീയ നേതാക്കളുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും പേര് ഉപയോഗിച്ച് പോലും വ്യാജസന്ദേശങ്ങൾ നിർമ്മിച്ച് തട്ടിപ്പുകൾ നടത്തുന്നു.
ഇടക്കാലത്തായി സജീവമായ മറ്റൊരു തട്ടിപ്പാണ് ഉടനടി വായ്പ നൽകാനുള്ള ആപ്പുകൾ.
പ്രത്യേകിച്ച് രേഖകൾ ഒന്നും തന്നെയില്ലാതെ വായ്പകൾ നൽകാമെന്നാണ് ഇവരുടെ വാഗ്ദാനം. ഉടനടി വായ്പ വാഗ്ദാനം ചെയ്യുന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ ഫോണിലെ കോൺടാക്ട് ലിസ്റ്റ് ഉൾപ്പെടെ മുഴുവൻ വിവരങ്ങളും തട്ടിപ്പുകാരുടെ കൈകളിലെത്തുന്നു. ഇതുപയോഗിച്ച്, വായ്പ എടുത്തവരേയും കോൺടാക്ട് ലിസ്റ്റിലുള്ളവരേയും സമ്മർദ്ദത്തിലാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഇങ്ങനെ പണം നഷ്ടപ്പെട്ട ധാരാളം കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഇതിനെല്ലാം അറുതി വരുത്തുകയാണ് പുതിയ യൂനിറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. മികച്ച സാങ്കേതിക പരിജ്ഞാനവും സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിച്ച് മുൻപരിചയവുമുള്ള ഒരു സംഘം പോലീസ് ഉദ്യോഗസ്ഥരാണ് ഈ വിഭാഗത്തിലുള്ളത്. ഇതിലേക്ക് മാത്രമായി 226 എക്സിക്യുട്ടീവ് തസ്തികകളും ഏഴ് മിനിസ്റ്റീരിയൽ തസ്തികകളും പുതുതായി സൃഷ്ടിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളെ വർഗീയമായി ഭിന്നിപ്പിച്ച് സർക്കാറിനെതിരെ ജനരോഷം ഇളക്കി വിടാൻ ശ്രമിക്കുന്ന ഛിദ്രശക്തികൾക്കെതിരെ ജാഗ്രത വേണമെന്നും ജനങ്ങളുടെ സൈ്വരജീവിതത്തിന് തടസ്സമുണ്ടാവുന്ന ഒന്നും സംഭവിക്കാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആറ് ഫോറൻസിക് ലാബുകൾ കൂടി ഉദ്ഘാടനം ചെയ്തതേടെ 14 ജില്ലകളിലും ഫോറൻസിക് സയൻസ് ലാബുകളായി.
സംസ്ഥാനത്തെ 141 പോലീസ് സ്റ്റേഷനുകളിൽ വനിത ശിശു സൗഹൃദ ഇടവും സജ്ജമായി.
ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് സ്വാഗതം പറഞ്ഞു.
പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ നടന്ന പ്രാദേശിക ചടങ്ങിൽ ടിഐ മധുസൂദനൻ എംഎൽഎ അധ്യക്ഷനായി.