സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആര്‍ട്ട് ഗ്യാലറി: ആദ്യ ഗ്യാലറിയുടെ നിര്‍മാണ ഉദ്ഘാടനം മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു

Spread the love

കോഴിക്കോട് :  കേരളത്തിലെ തെരഞ്ഞെടുത്ത സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ആര്‍ട്ട് ഗ്യാലറികള്‍ സജ്ജീകരിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കാരപറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരുക്കുന്ന ആര്‍ട്ട് ഗ്യാലറിയുടെ നിര്‍മാണോദ്ഘാടനം സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. കലയെ കൂടുതല്‍ അടുത്തറിയാനും പുതിയ കലാകാരന്‍മാരെ പരിചയപ്പെടുത്താനും ഇത്തരം ഗ്യാലറികള്‍ സംസ്ഥാനത്തുടനീളം ആരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിനായി 50 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ചെലവിടുന്നതെന്നും മന്ത്രി അറിയിച്ചു.

നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രേഖ സി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത്, നഗരസഭ കൗണ്‍സിലര്‍ ശിവപ്രസാദ്, കാരപറമ്പ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മനോജ് കെ.പി, ഹെഡ്മിസ്ട്രസ് ഷാദിയബാനു പി, പിടിഎ പ്രസിഡന്റ് നജീബ് മാളിയേക്കല്‍, അക്കാദമി സെക്രട്ടറി എന്‍. ബാലമുരളീകൃഷ്ണന്‍, അക്കാദമി അംഗം സുനില്‍ അശോകപുരം തുടങ്ങിയവര്‍ പങ്കെടുത്തു.

ഇത്തരം ആര്‍ട്ട് ഗ്യാലറികളില്‍ അതാത് വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പുറമേ മറ്റ് വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും തങ്ങളുടെ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യം ഉണ്ടാകുന്നതാണ്.

ഫോട്ടോ ക്യാപ്ഷന്‍- കാരപറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരുക്കുന്ന ആര്‍ട്ട് ഗ്യാലറിയുടെ നിര്‍മാണോദ്ഘാടനം മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കുന്നു. (ഇടത്ത് നിന്ന്) കേരള ലളിതകലാ അക്കാദമി സെക്രട്ടറി എന്‍. ബാലമുരളീകൃഷ്ണന്‍, ചെയര്‍മാന്‍ മുരളി ചീരോത്ത്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രേഖ സി, കൗണ്‍സിലര്‍ ശിവപ്രസാദ് എന്നിവര്‍ മുന്‍നിരയില്‍.

Author