ഭക്ഷ്യക്ഷാമമുള്ള രാജ്യങ്ങള്‍ക്ക് ഗോതമ്പ് നല്‍കും : മന്ത്രി മുരളീധരന്‍

Spread the love

ന്യൂയോര്‍ക്ക്: ഗോതമ്പ് കയറ്റുമതിക്ക് ഇന്ത്യാ ഗവണ്‍മെന്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഭക്ഷ്യ ക്ഷാമം അനുഭവപ്പെടുന്ന രാജ്യങ്ങള്‍ക്ക് ഗോതമ്പ് നല്‍കാന്‍ സന്നദ്ധമാണെന്ന് ഇന്ത്യന്‍ വിദേശകാര്യവകുപ്പ് സഹമന്ത്രി വി. മുരളീധരന്‍ ഉറപ്പുനല്‍കി.

റഷ്യ – യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് ലക്ഷകണക്കിനാളുകളാണ് ഭക്ഷണം ലഭിക്കാതെ പട്ടിണി കിടക്കേണ്ടി വന്നിരിക്കുന്നത്. പോഷകാഹാരകുറവും വിശപ്പും ബാധിച്ച നിരവധി പേര്‍ ഭക്ഷ്യസുരക്ഷാ ഭീഷണി നേരിടുന്നു. ഇവരെ സഹായിക്കേണ്ട ഉത്തരവാദിത്വം ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ക്കുണ്ടെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പരസ്യമായി പ്രസ്താവിച്ചതിനോട് അനുകൂലമായി പ്രതികരിക്കുകയായിരുന്നു മന്ത്രി മുരളീധരന്‍.

Picture2

അമേരിക്ക മുന്‍കൈയ്യെടുത്ത് വിളിച്ചു ചേര്‍ത്ത ഗ്ലോബല്‍ ഫുഡ് സെക്യൂരിറ്റി കോള്‍ ടു ആക്ഷന്‍ മീറ്റിംഗില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ഗോതമ്പ് കയറ്റുമതിക്കു നിയന്ത്രണം ഏര്‍പ്പെടുത്തി കഴിഞ്ഞ ആഴ്ച ഇന്ത്യ പുറത്തിറക്കിയ ഉത്തരവ് ദാരിദ്ര്യം അനുഭവിക്കുന്ന രാജ്യങ്ങളെ കൂടുതല്‍ പട്ടിണിയിലേക്കു തള്ളിവിടുമെന്ന ആശങ്കയുണ്ടായിരുന്നു. രാജ്യാന്തര മാധ്യമങ്ങള്‍ ഇതിന് വലിയ പ്രധാന്യം നല്‍കി വാര്‍ത്തകള്‍ നല്‍കിയിരുന്നു. വി. മുരളീധരന്റെ പ്രസ്താവനയോടെ ഈ ആശങ്കക്ക് അറുതി വന്നിരിക്കുന്നുവെന്നാണ് മാധ്യമങ്ങള്‍ പിന്നീട് റിപ്പോര്‍ട്ട് ചെയ്തത്.

ആയിരകണക്കിനു മെട്രിക് ടണ്‍ ഗോതമ്പ് ആഫ്രിക്ക, അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യ കയറ്റി അയച്ചതായും മന്ത്രി വെളിപ്പെടുത്തി.

Author