റബര്‍ സബ്‌സിഡിയുടെ മറവില്‍ കര്‍ഷക പെന്‍ഷന്‍ റദ്ദ് ചെയ്യുന്ന വിവാദ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കണം : ഇന്‍ഫാം

Spread the love

കോട്ടയം: സാമൂഹ്യ സുരക്ഷാ പെന്‍ഷന്റെ ഭാഗമായി കര്‍ഷകര്‍ക്കു നല്‍കുന്ന 1600 രൂപ കര്‍ഷക പെന്‍ഷന്‍ റബര്‍ സബ്‌സിഡിയുടെ മറവില്‍ റദ്ദ് ചെയ്യുന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ഇന്‍ഫാം ദേശിയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

ധനകാര്യവകുപ്പും പഞ്ചായത്ത് ഡയറക്ടറും ഇറക്കിയിരിക്കുന്ന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് നോട്ടീസ് അയച്ചുകൊണ്ടിരിക്കുന്നത് അവസാനിപ്പിക്കണം. റബര്‍ സബ്‌സിഡി റബര്‍ വിലത്തകര്‍ച്ചയില്‍ കര്‍ഷകനെ സഹായിക്കാനുള്ള ഒരു താല്‍ക്കാലിക സംവിധാനം മാത്രമാണ്. കാലങ്ങളായി ഈ സബ്‌സിഡി കര്‍ഷകര്‍ക്ക് ലഭിക്കുന്നുമില്ല. സബ്‌സിഡിയും കര്‍ഷകപെന്‍ഷനും തമ്മില്‍ ബന്ധിപ്പിക്കുന്നതും ശരിയായ നടപടിയല്ല.

 

ഇന്ദിരാഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍, വിധവകള്‍ക്കും വിവാഹമോചിതര്‍ക്കുമുള്ള അഗതി പെന്‍ഷന്‍, അംഗപരിമിതര്‍, അംഗവൈകല്യം സംഭവിച്ചവര്‍, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, എന്നിവര്‍ക്കുള്ള അംഗപരിമിത പെന്‍ഷന്‍, 50 വയസിനുമുകളില്‍ പ്രായമുള്ള അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍, കര്‍ഷക പെന്‍ഷന്‍, സാധുക്കളായ വിധവകളുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹ ധനസഹായം എന്നിങ്ങനെ 6 പദ്ധതികളാണ് സാമൂഹ്യ

സൂരക്ഷാ പദ്ധതിയിലുള്ളത്. ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവരുടെ കൂട്ടത്തില്‍ കര്‍ഷകപെന്‍ഷന്‍ വാങ്ങുന്നവരെ ഉള്‍പ്പെടുത്തി അവര്‍ക്ക് കൊടുക്കുന്ന 1600 രൂപ കര്‍ഷക പെന്‍ഷന്‍കാര്‍ക്കും കൊടുക്കുന്നത് കര്‍ഷകരെ അധിക്ഷേപിക്കലാണ്. കര്‍ഷകന്‍ നാടിന്റെ നട്ടെല്ലാണ് എന്ന് പറയുന്നവര്‍ ജനത്തെ മുഴുവന്‍ തീറ്റിപ്പോറ്റി നട്ടെല്ലൊടിഞ്ഞ 60 വയസ്സ് കഴിഞ്ഞ കര്‍ഷകന് 10000 രൂപ പെന്‍ഷന്‍ നല്‍കണമെന്ന 2015ലെ കാര്‍ഷികനയ നിര്‍ദ്ദേശം നടപ്പിലാക്കണമെന്നും റബര്‍ സബ്‌സിഡിക്ക് അര്‍ഹതയുള്ളവരെന്നതിന്റെ പേരില്‍ കര്‍ഷകരെ നിലവിലുള്ള പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് പുറന്തള്ളുന്ന വിവാദ ഉത്തരവ് റദ്ദാക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

അഡ്വ.വി.സി.സെബാസ്റ്റ്യന്‍
ദേശീയ സെക്രട്ടറി ജനറല്‍
+91 70126 41488

Author