മഴക്കാലത്ത് റോഡിൽ പ്രശ്നമുണ്ടോ? 48 മണിക്കൂറിൽ പരിഹാരം ഉറപ്പ്

Spread the love

മൺസൂൺകാല പ്രശ്ന പരിഹാരത്തിന് സ്പെഷ്യൽ ടാസ്‌ക് ഫോഴ്സുമായി പി.ഡബ്ല്യു.ഡിമഴക്കാലത്തു സംസ്ഥാനത്തെ റോഡുകളുമായി ബന്ധപ്പെട്ടു പൊതുജനങ്ങൾക്കുള്ള പരാതികളും ബുദ്ധിമുട്ടുകളും പരിഹരിക്കാൻ പ്രത്യേക ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പ്രവർത്തിക്കുന്ന ടാസ്‌ക് ഫോഴ്സുകളുടെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. 1800-425-7771 എന്ന നമ്പറിൽ പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കാം.കെ.എസ്.ടി.പി. ഓഫിസിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂം മുഖേനയാണു ടാസ്‌ക് ഫോഴ്സിന്റെ പ്രവർത്തനം. മഴക്കാലത്തു ജനങ്ങൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ ജനങ്ങൾക്കൊപ്പം നിന്നു പരിഹരിക്കാനുള്ള ഫീൽഡ് തല പ്രവർത്തനമാണു ടാസ്‌ക് ഫോഴ്സിന്റെ ഉദ്ദേശ്യമെന്ന് ഉദ്ഘാടനം നിർവഹിച്ചു മന്ത്രി പറഞ്ഞു. കൺട്രോൾ റൂമിൽ അറിയിക്കുന്ന പ്രശ്നങ്ങൾ അപ്പപ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജില്ലാതല ടാസ്‌ക് ഫോഴ്സിനെ അറിയിക്കും. സ്ഥിരമായ പ്രശ്നപരിഹാരം സാധ്യമല്ലെങ്കിൽ താത്കാലിക പരിഹാരം ഉറപ്പാക്കും. 48 മണിക്കൂറിൽ പ്രശ്ന പരിഹാരം ഉറപ്പാക്കാൻ ടാസ്‌ക് ഫോഴ്സിനു കഴിയുമെന്നു മന്ത്രി പറഞ്ഞു.മഴക്കാലത്തെ നേരിടാൻകഴിയുംവിധം ബി.എം. ആൻഡ് ബി.സി. നിലവാരത്തിലുള്ള റോഡുകൾ നിർമിക്കുന്ന നടപടികൾ സംസ്ഥാനത്തു പുരോഗമിക്കുകയാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. അഞ്ചു വർഷംകൊണ്ട് സംസ്ഥാനത്തെ 50 ശതമാനം പി.ഡബ്ല്യു.ഡി. റോഡുകൾ ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ നിർമിക്കുകയാണു ലക്ഷ്യം. കഴിഞ്ഞ ഒരു വർഷംകൊണ്ട് 2000 കിലോമീറ്റർ ബി.എം. ആൻഡ് ബി.സി. റോഡുകൾ പൂർത്തിയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.കെ.എസ്.ടി.പി. ഓഫിസിൽ നടന്ന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അജിത് കുമാർ, കെ.ആർ.എഫ്.ബി. പി.എം.യു. പ്രൊജക്ട് ഡയറക്ടർ ഡാർലിൻ കർമലിറ്റ ഡിക്രൂസ്, റോഡ്സ് വിഭാഗം ചീഫ് എൻജിനീയർ അജിത്ത് രാമചന്ദ്രൻ, കെ.എസ്.ടി.പി. ചീഫ് എൻജീനീയർ കെ.എഫ്. ലിസി തുടങ്ങിയവർ പങ്കെടുത്തു.

Author