കലാലയങ്ങളില്‍ മയക്കുമരുന്നിനെതിരെ കര്‍ശന ജാഗ്രത വേണം : മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

Spread the love

സ്‌കൂളുകളിലും കോളജുകളിലും ഹോസ്റ്റലുകളിലും മയക്കുമരുന്നിനെതിരെ കര്‍ശന ജാഗ്രത വേണമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. സിന്തറ്റിക് ലഹരി മരുന്നുകളുടെ ഉപയോഗം കേരളത്തില്‍ വര്‍ദ്ധിക്കുകയാണ്. ഈ അപകടകരമായ സ്ഥിതി മുന്നില്‍ക്കണ്ടുകൊണ്ടുള്ള ജാഗ്രത സമൂഹം പുലര്‍ത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാന ലഹരി വര്‍ജന മിഷനായ വിമുക്തിയുടെ എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സ്‌കൂളിനും കോളേജിനുമൊപ്പം ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം ഹോസ്റ്റലുകളിലും നടത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു. കലാലയങ്ങളിലെ ലഹരി വിരുദ്ധ ക്ലബ്ബുകള്‍ മയക്കുമരുന്ന് സംഘങ്ങളെക്കുറിച്ച് എക്സൈസിന് രഹസ്യവിവരം നല്‍കുന്ന സംവിധാനമാക്കി മാറ്റാനാകണം. പ്രായഭേദമില്ലാതെ മയക്കുമരുന്ന് സമൂഹത്തില്‍ വ്യാപിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സാമൂഹ്യ പിന്നോക്കാവസ്ഥ അനുഭവിക്കുന്ന വിഭാഗങ്ങള്‍ താമസിക്കുന്ന സങ്കേതങ്ങള്‍ കേന്ദ്രീകരിച്ചും ബോധവത്കരണം ശക്തമാക്കണം. സംസ്ഥാനത്തെ എല്ലാ തദ്ദേശ വാര്‍ഡുകളിലും ജാഗ്രതാ സമിതികള്‍ രൂപീകരിച്ച് കഴിഞ്ഞിട്ടുണ്ട്. സമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും മന്ത്രി നിര്‍ദേശിച്ചു. കായിക- സാംസ്‌കാരിക മേഖലയില്‍ കൃത്യമായ ലക്ഷ്യം വെച്ച് നടക്കുന്ന പദ്ധതികള്‍ വിപുലീകരിക്കും. നിലവില്‍ നല്ല രീതിയില്‍ നടക്കുന്ന സാംസ്‌കാരിക/ഗ്രന്ഥശാലാ സംഘങ്ങളുടെ ലഹരി വിരുദ്ധ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജ്വസ്വലമാക്കാനും യോഗം തീരുമാനിച്ചു.ലഹരിയില്‍ നിന്ന് മോചനം നേടുന്നതിനായുള്ള ഡീ അഡിക്ഷന്‍ സെന്ററുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യോഗം വിലയിരുത്തി. അലോപ്പതിക്കൊപ്പം ആയുര്‍വേദ- ഹോമിയോ മേഖലകളും നൂതന ചികിത്സാ രീതികള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചുകൊണ്ട് സംയോജിത ചികിത്സാ രീതി ഡീ അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ നടപ്പാക്കാനും എക്സിക്യുട്ടീവ് കമ്മിറ്റി തീരുമാനിച്ചു. പൊതുഭരണം നികുതിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ ഐ എ എസ്, എക്സൈസ് കമ്മീഷണര്‍ എസ് ആനന്ദകൃഷ്ണന്‍ ഐപിഎസ്, വിവിധ വകുപ്പുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു

Author