കൊച്ചി: ബഫര്‍സോണ്‍ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ കര്‍ഷക ജനകീയ സദസ്സുകള്‍ രൂപീകരിച്ച് ജനകീയ മുന്നേറ്റം ശക്തിപ്പെടുത്തുമെന്നും മലബാറിലെ മലയോരമേഖലകളില്‍ ഇതിന് തുടക്കം കുറിക്കുമെന്നും ഇന്‍ഫാം ദേശിയ സമിതി.
കര്‍ഷകപ്രസ്ഥാനങ്ങളുടെയും കര്‍ഷകാഭിമുഖ്യമുള്ള ജനകീയ സംഘടനകളുടെയും ഏകോപിച്ചുള്ള സംയുക്ത നീക്കങ്ങള്‍ ബഫര്‍സോണ്‍ വിഷയത്തില്‍ അടിയന്തരമാണ്. ജനങ്ങളുടെ ജീവനും ജീവനോപാധികള്‍ക്കും സംരക്ഷണ കവചമൊരുക്കേണ്ടവര്‍ കൃഷിഭൂമി വനമായി മാറ്റുവാന്‍ ശ്രമിക്കുന്നതിന്റെ ബാക്കിപത്രമാണ് ബഫര്‍സോണ്‍. നിയമനിര്‍മ്മാണമല്ലാതെ ഇക്കാര്യത്തില്‍ മറ്റൊരു പോംവഴിയുമില്ല. ജനങ്ങളെ ചതിക്കുഴിയിലേയ്ക്ക് തള്ളിയിട്ടവര്‍തന്നെ സംരക്ഷകരായി അവതരിക്കുന്നത് വിരോധാഭാസമാണെന്നും ജനപ്രതിനിധികളും ഭരണനേതൃത്വങ്ങളും ആത്മാര്‍ത്ഥസമീപനം സ്വീകരിച്ചില്ലെങ്കില്‍ സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് എറണാകുളം മരടിലുണ്ടായ അനുഭവം മലയോര മേഖലകളില്‍ ആവര്‍ത്തിക്കുമെന്നും ഇന്‍ഫാം നേതൃസമ്മേളനം ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ ബഫര്‍സോണ്‍ പ്രശ്‌നബാധിത പ്രദേശങ്ങളിലുള്ള കര്‍ഷകപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ക്കായി ദേശീയ ഭാരവാഹികളെ സമ്മേളനം ചുമതലപ്പെടുത്തി. ദേശീയ ചെയര്‍മാന്‍ മോണ്‍.ജോസഫ് ഒറ്റപ്ലാക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ജനറല്‍ ഷെവ,അഡ്വ.വി.സി.സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണവും ജനറല്‍ സെക്രട്ടറി ഫാ.ജോസഫ് കാവനാടി വിഷയാവതരണവും നടത്തി. ദേശീയ ഡയറക്ടര്‍ ഫാ.ജോസഫ് ചെറുകരക്കുന്നേല്‍ പാല, ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍ കോതമംഗലം, ജോസഫ് കാര്യാങ്കല്‍ മഞ്ചേരി, ഫാ.ജോബി ജോര്‍ജ്. ഫാ.ജോസ് പെണ്ണാപറമ്പില്‍, അഗസ്റ്റിന്‍ പുളിക്കകണ്ടത്തില്‍, ഗിരി തിരുതാളി, ജിം മാത്യു എന്നിവര്‍ സംസാരിച്ചു. കാര്‍ഷികമേഖല നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹാരം നേടുന്നതിനായി ഇന്‍ഫാമിന്റെ മേഖല, ജില്ലാതല നേതൃസമ്മേളനങ്ങള്‍ ജൂണ്‍, ജൂലൈ മാസങ്ങളിലായി ചേരുമെന്ന് ജനറല്‍ സെക്രട്ടറി ഫാ. ജോസഫ് കാവനാടി അറിയിച്ചു.