എ.കെ.ജി സെന്ററിലേക്ക് പടക്കമെറിഞ്ഞ സംഭവത്തിലെ പ്രതിയെ എത്രയും പെട്ടെന്ന് പിടികൂടി കേരളത്തിന്റെ സാമൂഹ്യ സുരക്ഷ ഉറപ്പു വരുത്തണമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി റ്റി.യു.രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ പിണറായി ഭരണത്തിന്റെ ആസ്ഥാനമാണ് എ.കെ.ജി സെന്റര്‍ ഭരണം നിയന്ത്രിക്കുന്നതുപോലെ പാര്‍ട്ടി ആസ്ഥാനമാണ്. പോലീസ് കാവലിലാണ് അക്രമി പടക്കമെറിഞ്ഞത്. ഒറ്റയാനായി ബൈക്കില്‍ വന്ന അക്രമി പടക്കമെറിഞ്ഞ് തിരിച്ചു പോകുന്നതും ക്യാമറിയില്‍ കാണാം. നിരവധി പോലീസുകാര്‍ കാവല്‍ നില്‍ക്കേയാണ് സംഭവം നടന്നത്. ഇത്രയും മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനാവാത്തത് ആഭ്യന്തര വകുപ്പിന്റെ പരാജയത്തെയാണ് സൂചിപ്പിക്കുന്നത്.
പടക്കം പൊട്ടിയ നിമിഷം തന്നെ കോണ്‍ഗ്രസാണ് പ്രതികള്‍ എന്ന് ആക്ഷേപിച്ച ഇ.പി.ജയരാജന്‍ എന്നത്തേയും പോലെ ഇന്നും പിന്നോക്കം പോയിട്ടുണ്ട്. വിമാനത്തില്‍ പ്രതിഷേധം നടന്നപ്പോള്‍ ‘മദ്യപിച്ച് ലക്ക് കെട്ടവര്‍’ എന്ന് പറഞ്ഞ ഇടതുമുന്നണി കണ്‍വീനര്‍ പിന്നെ മാറ്റി പറയുകയായിരുന്നു. ഇന്ന് പറഞ്ഞതും ഇ.പി.ജയരാജന്‍ നാളെ മാറ്റി പറയുമായിരിക്കും. ഇങ്ങനെ വിടുവായത്തം പറയുന്ന ഒരാള്‍ ഇടുമുന്നണി കണ്‍വീനറായി ഇരിക്കുന്നതിലെ അനൗചിത്യം ഇടതുമുന്നണി ചര്‍ച്ച ചെയ്യുന്നതായിരിക്കും നല്ലത്.
കെ.പി.സി.സി ഓഫീസിലേക്ക് പ്രകടനമായിട്ടെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ പരസ്യമായിട്ടാണ് ആക്രമണം നടത്തിയത്. കേരളം ആദരിക്കുന്ന എ.കെ.ആന്റണിയുടെ വാഹനത്തിനുള്‍പ്പെടെ നാശനഷ്ടം വരുത്തി. കെ.പി.സി.സി ഓഫീസ് ആക്രമിച്ച കേസിലെ പ്രതികളില്‍ ഒരാളെപ്പോലും ഇന്നുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. എന്നാല്‍ ഓഫീസ് ആക്രമണത്തില്‍ പ്രതിഷേധിച്ചവരെ വീടു കയറി പിടിക്കുകയാണ് പോലീസ് ചെയ്തത്. സര്‍ക്കാരിനോടുള്ള വിടുപണിയാണ് ചില പോലീസുകാര്‍ പ്രകടിപ്പിക്കുന്നത്. എ.കെ.ജി സെന്ററിലേക്ക് പടക്കമെറിഞ്ഞ സംഭവത്തിലും കെ.പി.സി.സി ഓഫീസ് ആക്രമിച്ച സംഭവത്തിലേയും പ്രതികളെ അടിയന്തിരമായി പിടികൂടി നാടിന്റെ സമാധാന അന്തരീക്ഷം ഉറപ്പു വരുത്താന്‍ ഉന്നത പോലീസ് നേതൃത്വം മുന്‍കൈ എടുക്കണം. ഒരു നനഞ്ഞ പടക്കത്തിന്റെ പേരില്‍ കേരളത്തിലെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കെതിരെ നടന്ന കടന്നാക്രമണത്തില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്ന് റ്റി.യു.രാധാകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു.
രാഹുല്‍ഗാന്ധിയുടെ വയനാട് സന്ദര്‍ശനവേളയില്‍ നടന്ന സംഭവം ദുരൂഹമാണെന്നും നിജസ്ഥിതി പുറത്തു കൊണ്ടുവരാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും ടി.യു.രാധാകൃഷ്ണന്‍ ഓര്‍മ്മിപ്പിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ നിന്നും ജനശ്രദ്ധ മാറ്റാനുള്ള രാഷ്ട്രീയ നാടകമാണോ ഇതെന്നും ജനം സംശയിക്കുന്നുണ്ട്. അടിയന്തിരമായും യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തി ദുരൂഹതയ്ക്ക് വിരാമം കുറിക്കണമെന്നും റ്റി.യു.രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.