ജില്ലാ, ജനറല്‍ ആശുപത്രികളുടെ യോഗം വിളിച്ച് മന്ത്രി.
തിരുവനന്തപുരം: ആശുപത്രികളില്‍ നടന്നുവരുന്ന മാസ്റ്റര്‍ പ്ലാന്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓരോ ആശുപത്രിയും മാതൃകാ ആശുപത്രിയാക്കണം. ഗേറ്റ് മുതല്‍ ഒപി, അത്യാഹിത വിഭാഗം, വാര്‍ഡുകള്‍, ഐസിയു എന്നിവിടങ്ങളെല്ലാം രോഗീ സൗഹൃദമാകണം. മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി ഭൗതിക സാഹചര്യം മികവുറ്റതാക്കണം. ഓരോ ആശുപത്രിയിലും ആരോഗ്യ പ്രവര്‍ത്തകരുടെ കയ്യൊപ്പുണ്ടാകണം. അതവര്‍ക്ക് ജീവിതത്തില്‍ എന്നെന്നും ഓര്‍ക്കാന്‍ കഴിയുന്ന ഒന്നാകണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ, ജനറല്‍ ആശുപത്രി സൂപ്രണ്ടുമാരുടെ യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
മാസ്റ്റര്‍ പ്ലാന്‍ പൂര്‍ത്തീകരണത്തിന് ഒരു നോഡല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള ടീമിനെ നിയോഗിക്കണം. ആശുപത്രികളില്‍ നടന്നുവരുന്ന ഇ ഹെല്‍ത്ത് പദ്ധതി വേഗത്തിലാക്കണം. ഇതിലൂടെ ജനങ്ങള്‍ക്ക് വലിയ സേവനം നല്‍കാനാകും. ക്യൂ നില്‍ക്കാതെ ഒപി ടിക്കറ്റെടുക്കാനും പേപ്പര്‍ രഹിത സേവനങ്ങള്‍ നല്‍കാനും ഇതിലൂടെയാകും. എല്ലാ ആശുപത്രികളും ശുചിത്വം ഉറപ്പ് വരുത്തണം. ശുചിത്വത്തിനായി സൂപ്രണ്ടുമാര്‍ പ്രത്യേക പ്രാധാന്യം നല്‍കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
ആശുപത്രികള്‍ മുന്‍വര്‍ഷത്തെ ഉപയോഗം വിലയിരുത്തി അതിനേക്കാള്‍ കൂടുതല്‍ മരുന്നുകള്‍ക്കുള്ള ഇന്‍ഡന്റ് നല്‍കണം. ഇതിലൂടെ മരുന്ന് ലഭ്യത ഉറപ്പ് വരുത്തണം. മരുന്നുകള്‍ തീരെ കുറയുന്നതിന് മുമ്പ് തന്നെ കെ.എം.എസ്.സി.എല്ലിനെ ഇക്കാര്യം അറിയിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു വിസ്വാള്‍, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. പി.പി. പ്രീത, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ജില്ലാ, ജനറല്‍ ആശുപത്രി സൂപ്രണ്ടുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.