കോട്ടയം: പനച്ചിക്കാട് പഞ്ചായത്തില്‍ കണിയാമല ഹെല്‍ത്ത് സെന്ററിന് കീഴില്‍ രണ്ടാമത്തെ പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഓഗസ്റ്റ് ഒന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. രണ്ട് പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളുടെയും പ്രവര്‍ത്തനങ്ങള്‍ക്കായ് 14 ലക്ഷം രൂപ പഞ്ചായത്ത് നീക്കിവച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മന്‍ പറഞ്ഞു. ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ പഞ്ചായത്ത് നല്‍കിയ ആംബുലന്‍സ് കണിയാമല കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് കൈമാറി.
പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടന്ന കൈമാറ്റ ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മന്‍, ജില്ലാ പഞ്ചായത്തംഗം പി.കെ. വൈശാഖ്, ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജീന ജേക്കബ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രിയ മധുസൂധനന്‍, പഞ്ചായത്ത് സെക്രട്ടറി പി.ജി. പ്രദീപ്, കണിയാമല കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോ. എസ്. അനൂഷ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ജി. സന്തോഷ് മോന്‍, നഴ്സ് സൂസമ്മ വര്‍ഗീസ്, എന്നിവര്‍ പങ്കെടുത്തു.