വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിന്റെ പേരില്‍ കെ.എസ്. ശബരീനാഥനെ അറസ്റ്റ് ചെയ്ത നടപടി രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷനെ അറസ്റ്റ് ചെയ്തത് നിയമവിധേയമല്ല. പോലീസ്
കളവ് പറഞ്ഞു കോടതിയെ തെറ്റിധരിപ്പിച്ചു.മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കോടതിയെ തെറ്റിധരിപ്പിക്കാന്‍ കൂട്ടുനിന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ അഭിഭാഷകനെതിരെയും കേസെടുക്കണം. അറസ്റ്റിനെ ഒന്നും കോണ്‍ഗ്രസ് പേടിക്കുന്നില്ല. അധികാരം ദുര്‍വിനിയോഗം ചെയ്ത് പക്ഷപാതപരമായാണ് ശബരിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് ഞങ്ങളെ തളര്‍ത്താമെന്നത് പടുവിഡ്ഢിത്തമാണ്.ശബരീനാഥനെതിരായ പ്രതികാര നടപടിയെ കോണ്‍ഗ്രസ് രാഷ്ട്രീയമായും നിയമപരമായും നേരിടും. ഇത്തരം ഉമ്മാക്കി കാട്ടിയാല്‍ പേടിച്ച് ഓടുന്നവരല്ല കോണ്‍ഗ്രസുകാരെന്ന് മുഖ്യമന്ത്രിയും അദ്ദേഹത്തിന് വേണ്ടി വിടുപണിയെടുക്കുന്ന പോലീസ് ഏമാന്‍മാരും ഓര്‍ക്കുന്നത് നല്ലതാണെന്നും സുധാകരന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് വ്യക്തമായ തിരക്കഥ ഉണ്ടാക്കിയ ശേഷമാണ് ശബരിയെ അറസ്റ്റ് ചെയ്തത്.ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി മിനിട്ടുകള്‍ക്കകം അറസ്റ്റ് രേഖപ്പെടുത്തിയതിലും ദുരൂഹതയുണ്ട്.ശബരീനാഥന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നിട്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.രാവിലെ 10.35ന് പോലീസ് സ്‌റ്റേഷനിലെത്തിയ ശബരീനാഥനെ 10.50ന് അറസ്റ്റ് ചെയ്തതായാണ് പോലീസ് ഭാഷ്യം.എന്നാല്‍ അറസ്റ്റ് വിവരം ശബരിയെ അറിയിച്ചതും രേഖപ്പെടുത്തിയതും 12.29ന് ശേഷമാണ്. മുന്‍കൂര്‍ജാമ്യം കോടതി പരിഗണിക്കവെ അറസ്റ്റ് ചെയ്ത സമയത്തില്‍ പോലീസ് കൃത്രിമം കാട്ടിയത് ആര്‍ക്ക് വേണ്ടിയാണെന്ന് അന്വേഷിക്കണം.ശബരിയെ അറസ്റ്റ് ചെയ്യാനുള്ള പോലീസിന്റെ വ്യഗ്രതയില്‍ നിന്ന് തന്നെ ഇതിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യം ബോധ്യമായി.
ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. ഗുരുതര ആരോപണം നേരിടുന്ന മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ക്രൂരമര്‍ദ്ദനവും വധശ്രമത്തിന് കേസും എടുത്തവരാണ് പിണറായി സര്‍ക്കാര്‍.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച ഇപി ജയരാജന് സംരക്ഷണം നല്‍കിയതിലൂടെ സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് പ്രകടമാണ്.
സ്വര്‍ണ്ണക്കടത്ത് കേസില്‍ പിണറായി വിജയനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണം ഉയര്‍ന്ന് വന്നത് മുതല്‍ വിറളിപൂണ്ട അവസ്ഥയിലാണ് മുഖ്യമന്ത്രിയും സര്‍ക്കാരും. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കലാപം കേരളത്തില്‍ നടത്താന്‍ വിവിധ ഘട്ടത്തില്‍ സിപിഎം ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. കെപിസിസിയും രാഹുല്‍ ഗാന്ധിയുടെ ഓഫീസും തല്ലിത്തകര്‍ക്കുകയും സംസ്ഥാന വ്യാപകമായി നിരവധി കോണ്‍ഗ്രസ് ഓഫീസുള്‍ക്ക് നേരെ അക്രമം നടത്തി പ്രകോപന അന്തരീക്ഷം സൃഷ്ടിക്കാനും ശ്രമിച്ചു. കോണ്‍ഗ്രസ് ഈ ഘട്ടത്തിലെല്ലാം സംയമനം പാലിച്ചതിനാല്‍ സിപിഎമ്മിന്റെ നിഗൂഢലക്ഷ്യം ഫലപ്രാപ്തിയിലെത്തിയില്ല. തുടര്‍ന്ന് എകെജി സെന്ററില്‍ പടക്കം എറിഞ്ഞെങ്കിലും അതും നനഞ്ഞുപോയി. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളില്‍ ജനശ്രദ്ധ തിരിക്കാനുള്ള തന്ത്രപ്പാടിലാണ് സര്‍ക്കാരും സിപിഎമ്മും ഇത്തരം ചെപ്പടി വിദ്യകളുമായി രംഗത്തുവരുന്നതെന്നും സുധാകരന്‍ പരിഹസിച്ചു.