മുല്ലപ്പെരിയാറിലെ ജലനിരപ്പിൽ സുരക്ഷിത നില ഉറപ്പാക്കണം : സ്റ്റാലിന് മുഖ്യമന്ത്രിയുടെ കത്ത്

Spread the love

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് സുരക്ഷിത നിലയിലേക്കു കുറച്ചുകൊണ്ടുവരുന്നതിനുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനു കത്തയച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയോട് അടുക്കുകയാണ്. സംസ്ഥാനത്ത് അതിശക്തമായ മഴ പെയ്യുകയാണ്. ഇടുക്കി അടക്കമുള്ള ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യം തുടരുകയാണെങ്കിൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്കു ശക്തമായി ജലനിരപ്പ് ക്രമാതീതമായി ഉയരും. ഇതു മുൻനിർത്തി ജലനിരപ്പ് സുരക്ഷിത നിലയിലേക്ക് എത്തിക്കുന്നതിനായി അണക്കെട്ടിൽനിന്നു പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് ഒഴുകിയെത്തുന്ന വെള്ളത്തേക്കാൾ കൂടുതലാണെന്ന് ഉറപ്പാക്കണമെന്ന് ബന്ധപ്പെട്ട അധികൃതർക്കു നിർദേശം നൽകണം.ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നതിന് 24 മണിക്കൂർ മുൻപെങ്കിലും കേരളത്തിന് ഇതു സംബന്ധിച്ച വിവരം നൽകുന്നതിനുള്ള ക്രമീകരണങ്ങളും ഉറപ്പാക്കണം. അണക്കെട്ടിന്റെ താഴ്വാരങ്ങളിൽ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണിതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Author