ഈ വര്‍ഷത്തെ നെഹ്റു ട്രോഫി വള്ളംകളിയുടെ നടത്തിപ്പിന് പ്രതീക്ഷിക്കുന്ന ചിലവ് 2.4 കോടി രൂപ. സംസ്ഥാന സര്‍ക്കാര്‍ നല്കുന്നതിനു പുറമെ വേണ്ടിവരുന്ന തുക ടിക്കറ്റ് വില്‍പ്പന, സ്പോണ്‍സര്‍ഷിപ്പ് തുടങ്ങിയവയിലൂടെ സമാഹരിക്കാന്‍ ജനറല്‍ ബോഡി യോഗം തീരുമാനിച്ചു.
വള്ളം കളിക്ക് വിപുലമായ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ ധാരണയായതായി പി.പി. ചിത്തരഞ്ജന് എം.എല്‍.എ പറഞ്ഞു. പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രചാരണത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. വള്ളംകളിയുട സ്മരണിക തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചു. മുന്‍ വര്‍ഷങ്ങളിലേതുപോലെ നഗരസഭയുടെ നേതൃത്വത്തില്‍ സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കും.
ജില്ലാ കളക്ടര്‍ ചെയര്‍മാനായ നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിക്കാണ് നടത്തിപ്പിന്റെ ചുമതല. ഈ വര്‍ഷത്തെ നെഹ്റു ട്രോഫി ജലമേളയില്‍ ആദ്യ ഒന്‍പത് സ്ഥാനങ്ങളില്‍ എത്തുന്ന വള്ളങ്ങളാണ് 2023ലെ ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ മാറ്റുരയ്ക്കുക. അതുകൊണ്ടുതന്നെ മികച്ച മത്സരം പ്രതീക്ഷിക്കുന്നു.