Spread the love

ഈ സാമ്പത്തിക വര്‍ഷം പരമാവധി ക്രഷുകള്‍ സ്ഥാപിക്കും; സ്വകാര്യ മേഖലയിലും ക്രഷുകള്‍ ഉണ്ടാകണം

തിരുവനന്തപുരം: സ്ത്രീ ശാക്തീകരണ പ്രക്രിയയിലും സംസ്ഥാനത്തെ തൊഴിലിടങ്ങളിലെ സ്ത്രീ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിലും നിര്‍ണായക ഇടപെടലാണ് ‘തൊഴിലിടങ്ങളില്‍ ശിശു പരിപാലന കേന്ദ്രം’ പദ്ധതിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പദ്ധതിയുടെ ഭാഗമായി ഈ സാമ്പത്തിക വര്‍ഷം സ്ഥലം ലഭിക്കുന്നതനുസരിച്ച് പരമാവധി ക്രഷുകള്‍ ആരംഭിക്കും. തൊഴില്‍ ചെയ്യുന്ന അമ്മമാര്‍ക്ക് കുഞ്ഞിനെപ്പറ്റിയുള്ള ആകുലത വളരെ വലുതാണ്. 6 മാസം കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ മാത്രമേ നല്‍കാവൂ. അത് കഴിഞ്ഞ് ജോലിക്ക് പോകുമ്പോള്‍ കുഞ്ഞിനെ വിട്ടുപിരിയുന്നതിന്റെ വേദനയാണ്. പല അമ്മമാരും

കുഞ്ഞിന്റെ സംരക്ഷണം ഉറപ്പാക്കാന്‍ ജോലിയുപേക്ഷിക്കുന്ന അവസ്ഥയുമുണ്ട്. ഈയൊരു സാഹചര്യം കൂടി ഉള്‍ക്കൊണ്ടാണ് തൊഴിലിടങ്ങളില്‍ ക്രഷുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. സ്വകാര്യ മേഖലയിലും ക്രഷുകള്‍ ഉണ്ടാകണമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള തൊഴിലിടങ്ങളില്‍ ശിശു പരിപാലന കേന്ദ്രം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും പി.എസ്.സി. ഓഫീസില്‍ സജ്ജമാക്കിയ ആദ്യ ക്രഷിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ തൊഴിലിടങ്ങളിലെ സ്ത്രീകള്‍ ഓരോ വര്‍ഷം കഴിന്തോറും വര്‍ധിക്കുന്നുണ്ടെങ്കിലും ജനസംഖ്യാ ആനുപാതികമായി ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. പല സാമൂഹിക കാര്യങ്ങളാലും സ്ത്രീകള്‍ തൊഴിലിടം ഉപേക്ഷിക്കുന്നുണ്ട്. കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നതിനും പൊതുയിടങ്ങളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും 2017ലെ മെറ്റേണിറ്റി ബെനിഫിറ്റ് ആക്ടില്‍ അനുശാസിക്കും വിധം തൊഴിലിടങ്ങളില്‍ ക്രഷുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. ഇതില്‍ ആദ്യത്തേതാണ് പട്ടം പി.എസ്.സി. ഓഫീസില്‍ തുടങ്ങിയത്. ഈ ക്രഷ് മാതൃകാപരമായി യാഥാര്‍ത്ഥ്യമാക്കാന്‍ പിന്തുണച്ച പി.എസ്.സി.ക്ക് മന്ത്രി നന്ദി പറഞ്ഞു.

ഐടി മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി വനിത ശിശുവികസന വകുപ്പ് ഇടപെടലുകള്‍ നടത്തി വരുന്നു. വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ റീ സ്‌കില്ലിംഗ് പ്രോഗ്രാമും നടന്നു വരുന്നു.

തിരുവനന്തപുരം ജില്ലയിലെ കിന്‍ഫ്ര ക്യാമ്പസ്, വെള്ളായണി കാര്‍ഷിക സര്‍വകലാശാല, ആലപ്പുഴ ജില്ലയിലെ കൃഷ്ണപുരം പഞ്ചായത്ത്, എറണാകുളം കളക്ടറേറ്റ്, പാലക്കാട് ചിറ്റൂര്‍ മിനി സിവില്‍ സ്‌റ്റേഷന്‍, കോഴിക്കോട് കളക്ടറേറ്റ്, വയനാട് കല്പ്പറ്റ സിവില്‍ സ്‌റ്റേഷന്‍, കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലും ഉടന്‍ തന്നെ ഈ പദ്ധതി ആരംഭിക്കുന്നതാണ്.

കുഞ്ഞുങ്ങളെ സംബന്ധിച്ച് സുപ്രധാനമായ പദ്ധതികളാണ് സംസ്ഥാന വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കി വരുന്നത്. 3 വയസുവരെയുള്ള കുട്ടികള്‍ക്ക് ക്രഷുകള്‍ ആരംഭിക്കുന്നു. 3 മുതല്‍ 6 വയസുവരെയുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള അങ്കണവാടികള്‍ സ്മാര്‍ട്ടാക്കി വരുന്നു. 204 സ്മാര്‍ട്ട് അങ്കണവാടി കെട്ടിടങ്ങള്‍ക്ക് നിര്‍മ്മാണാനുമതി നല്‍കിയിട്ടുണ്ട്. അതില്‍ രണ്ടെണ്ണം യാഥാര്‍ത്ഥ്യമാക്കി. അങ്കണവാടി കുട്ടികള്‍ക്ക് പാലും മുട്ടയും പദ്ധതി നടപ്പിലാക്കി. ഇത് പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയാണ്. 61.5 കോടി രൂപയാണ് ഈ പദ്ധതിയ്ക്കായി അനുവദിച്ചത്.

മുലയൂട്ടലിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളുന്ന കെ.എസ്.ആര്‍.ടി.സി. ബസ് ബ്രാന്‍ഡിംഗിന്റെ ഫ്‌ളാഗോഫും മന്ത്രി നിര്‍വഹിച്ചു.

പി.എസ്.സി. ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍ മുഖ്യാതിഥിയായി. പി.എസ്.സി. അംഗം വി.ആര്‍ രമ്യ, സെക്രട്ടറി സാജു ജോര്‍ജ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ജി. പ്രിയങ്ക സ്വാഗതവും ജില്ലാ വനിത ശിശുവികസന വകുപ്പ് ഓഫീസര്‍ എസ്. സബീനബീഗം നന്ദിയും പറഞ്ഞു.

Author