വൈപ്പിനിൽ ചെണ്ടുമല്ലി വസന്തം: നാലു പഞ്ചായത്തുകളിലായി കൃഷി ചെയ്യുന്നത് 12,200 തൈകൾ

Spread the love

ഓണവിപണി ലക്ഷ്യമിട്ട് ചെണ്ടുമല്ലി കൃഷിയുമായി വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത്. സംസ്ഥാന സർക്കാരിൻ്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ബ്ലോക്കിലെ നാലു പഞ്ചായത്തുകളിലായി 12,200 ചെണ്ടുമല്ലി തൈകളാണ് കൃഷി ചെയ്യുന്നത്. ഓണത്തിന് വിളവെടുപ്പ് പൂർത്തിയാക്കാനാണ് കർഷകർ ലക്ഷ്യമിടുന്നത്. 5500 ചെണ്ടുമല്ലി തൈകൾ പദ്ധതിയുടെ ഭാഗമായി എടവനക്കാട് കൃഷിഭവൻ കർഷകർക്ക് നൽകി. 30 കർഷകരാണ് അര ഏക്കറോളം ഭൂമിയിൽ ഇവിടെ ചെണ്ടുമല്ലി കൃഷി ചെയ്യുന്നത്. ഞാറക്കൽ പഞ്ചായത്തിൽ 3500 തൈകൾ കൃഷി ചെയ്യുന്നു. പള്ളിപ്പുറം പഞ്ചായത്തിൽ 2200 ചെണ്ടുമല്ലി തൈകളും കുഴുപ്പിളളി പഞ്ചായത്തിൽ 1000 തൈകളും കൃഷി ചെയ്യുന്നു. ഓണത്തോടനുബന്ധിച്ച് ബ്ലോക്ക് പഞ്ചായത്തിൽ തന്നെ പൂക്കൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ഓണപ്പൂക്കളത്തിലെ താരമായ ചെണ്ടുമല്ലി ദൂരെ ദേശങ്ങളില്‍ നിന്നാണ് എത്തുന്നത്. ഇതിന് പരിഹാരമായാണ് പൂകൃഷി ചെയ്യാന്‍ താല്‍പര്യമുള്ള കർഷരെ സംഘടിപ്പിച്ച് ബ്ലോക്ക് പഞ്ചായത്ത് ഇക്കുറി രംഗത്തിറങ്ങിയത്. കൃഷിഭവൻ ഉദ്യോഗസ്ഥർ കർഷകർക്ക് പരിശീലനം നൽകി.കൂടാതെ നല്ലയിനം ഹൈബ്രിഡ് തൈകളും ജൈവ വളവും സബ്‌സിഡി നിരക്കിൽ നൽകി. പഞ്ചായത്തുകളുടെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കർഷകർക്ക് ചെണ്ടുമല്ലി തൈകളും വളവും നൽകുന്നത്. ജൂണിലാണ് എല്ലാവരും കൃഷി ആരംഭിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ വിളവെടുപ്പ് നടക്കും. ഓണം എത്തുമ്പോഴേക്കും വിളവെടുപ്പ് പൂർത്തിയാക്കി മുഴുവൻ ചെണ്ടുമല്ലിയും വിപണിയിൽ എത്തിക്കും

Author