കേരളത്തിന്റെ ഗണിതശാസ്ത്ര പാരമ്പര്യം നിള സ്കൂളുമായി ബന്ധപ്പെട്ട് നിർമ്മിക്കപ്പെട്ടതാണെന്ന് മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ പ്രൊഫ. എ. ജെ. പരമേശ്വരൻ പറഞ്ഞു. സംഗമഗ്രാമമാധവനിലൂടെ തുടങ്ങി അഞ്ച് നൂറ്റാണ്ട് അഭംഗുരം തുടർന്ന ഗണിതഗവേഷണ പഠനങ്ങളുടെ പാരമ്പര്യമാണ് കേരളത്തിനുളളത്. ഭാരതീയ ഗണിത പാരമ്പര്യത്തിലെ സുവർണ അധ്യായമാണ് കേരളീയ ഗണിത സരണി. പതിനാലാം നൂറ്റാണ്ടിൽ ഇരിഞ്ഞാടപ്പിളളി മാധവൻ
നമ്പൂതിരിയിലാരംഭിച്ച് അഞ്ഞൂറ് വർഷക്കാലം ഇടമുറിയാതെ തുടർന്ന ഗണിതപാരമ്പര്യമാണിത്. ലോക ഗണിത ചരിത്രത്തിൽ മറ്റെങ്ങും ഇത്തരമൊരു പ്രതിഭാസം കാണാൻ കഴിയില്ല. ജ്യേഷ്ഠദേവൻ മലയാളത്തിൽ രചിച്ച യുക്തിഭാഷയെ തുടർന്നുളള നിരവധി ഗണിത-ജ്യോതിഷ ഗ്രന്ഥങ്ങൾ മലയാള ഭാഷയിലുളളതാണെന്നതും ശ്രദ്ധേയമാണ്. പതിനാല് മുതൽ പതിനെട്ട് വരെ നൂറ്റാണ്ടുകളിൽ ഭാരതത്തിൽ നിലനിന്നിരുന്ന ഗണിത പാരമ്പര്യത്തിന്റെ പ്രധാന കേന്ദ്രം കേരളമായിരുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ കണ്ടുപിടിക്കപ്പെട്ട കലനശാസ്ത്രത്തിന്റെയും അനന്തശ്രേണിയുടെയും ആശയങ്ങൾക്ക് തുടക്കമിട്ടതും നിള തീരത്താണ്, പ്രൊഫ. എ. ജെ. പരമേശ്വരൻ പറഞ്ഞു.
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ശങ്കരജയന്തി ആഘോഷങ്ങളുടെ രണ്ടാം ഘട്ടത്തോടനുബന്ധിച്ച് കാലടി മുഖ്യക്യാമ്പസിലെ യൂട്ടിലിറ്റി സെന്റർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാറിൽ ‘കേരളഗണിതശാസ്ത്ര പാരമ്പര്യം: നിള സ്കൂൾ’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ‘ഭാരതീയ ബൗദ്ധിക പാരമ്പര്യങ്ങൾ’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറിൽ വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ അധ്യക്ഷനായിരുന്നു. പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി, രജിസ്ട്രാർ ഡോ. എം. ബി. ഗോപാലകൃഷ്ണൻ, ഡോ. രാജി ബി. നായർ എന്നിവർ പ്രസംഗിച്ചു. രാവിലെ സംഗീത വിഭാഗം അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അവതരിപ്പിച്ച സംഗീതസപര്യ നടന്നു. വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ വിവിധ എൻഡോവ്മെന്റുകൾ വിതരണം ചെയ്തു.
തുടർന്ന് നടന്ന വിവിധ സെഷനുകളിൽ ഡോ. സി. എസ്. രാധാകൃഷ്ണൻ, ഡോ. കെ. പി. ശ്രീദേവി എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ. പി. ഉണ്ണികൃഷ്ണൻ, ഡോ. ശ്രീകല എം. നായർ, ഡോ. വി. വസന്തകുമാരി, ഡോ. കെ. എ. രവീന്ദ്രൻ, ഡോ. കെ. യമുന, ഡോ. കെ. രമാദേവി അമ്മ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച വാക്യാർത്ഥ സദസിൽ ഡോ. വി. രാമകൃഷ്ണഭട്ട് അദ്ധ്യക്ഷനായിരുന്നു. ഡോ. കെ. ജി. കുമാരി, ഡോ. രേണുക കെ. സി. എന്നിവർ പ്രസംഗിച്ചു. വൈകിട്ട് കളമശേരി രാജഗിരി പബ്ലിക് സ്കൂളിലെ നിരുപമ എസ്. ചിരാത് കർണാട്ടിക് മ്യൂസിക് അവതരിപ്പിച്ചു. ശില്പശാല ഇന്ന് (25.08.2022) സമാപിക്കും.
ഫോട്ടോ ഒന്ന് : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ശ്രീ ശങ്കര ജയന്തി ആഘോഷങ്ങളുടെ രണ്ടാം ഘട്ടമായി സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറിൽ വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ അധ്യക്ഷ പ്രസംഗം നടത്തുന്നു. മുഖ്യാതിഥി മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ പ്രൊഫ. എ. ജെ. പരമേശ്വരൻ, പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി, രജിസ്ട്രാർ ഡോ. എം. ബി. ഗോപാലകൃഷ്ണൻ, പ്രൊഫ. രാജി ബി. നായർ എന്നിവർ സമീപം.
ജലീഷ് പീറ്റർ
പബ്ലിക് റിലേഷൻസ് ഓഫീസർ
ഫോൺ നം. 9447123075