ഓണകിറ്റിലേക്ക് അട്ടപ്പാടി കുടുംബശ്രീയുടെ മൂന്ന് ലക്ഷം ശര്‍ക്കര വരട്ടി പാക്കറ്റുകള്‍

Spread the love

സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റിലേക്കായി അട്ടപ്പാടിയിലെ കുടുംബശ്രീ യൂണിറ്റുകള്‍ മുഖേന നിര്‍മിച്ചത് മൂന്ന് ലക്ഷം ശര്‍ക്കര വരട്ടി പാക്കറ്റുകള്‍. അട്ടപ്പാടിയിലെ കര്‍ഷകരില്‍ നിന്നും 65 ടണ്‍ വാഴക്കുല ശേഖരിച്ചാണ് ശര്‍ക്കര വരട്ടി നിര്‍മിച്ചത്. കുടുംബശ്രീ മിഷന്‍ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി രൂപകരിച്ച സംരംഭങ്ങളുടെ നേതൃത്വത്തിലായിരുന്നു നിര്‍മാണം.മല്ലിശ്വര ആനക്കട്ടി, നവരസ കാരത്തൂര്‍, മില്ലറ്റ് കഫേ പുതൂര്‍, ക്രിസ്പി ചെമ്മണ്ണൂര്‍ എന്നീ സംരംഭക ഗ്രൂപ്പുകളാണ് ശര്‍ക്കര വരട്ടി നിര്‍മിച്ചത്.നൂറു ഗ്രാം വീതമുള്ള മൂന്ന് ലക്ഷം പാക്കറ്റുകളിലായി 81 ലക്ഷം രൂപയുടെ ശര്‍ക്കര വരട്ടിയാണ് സപ്ലൈക്കോയ്ക്ക് നല്‍കിയത്. ഓണകിറ്റിലേക്കായി സംസ്ഥാനത്ത് ഏറ്റവും അധികം ശര്‍ക്കര വരട്ടി നിര്‍മിച്ച ട്രൈബല്‍ ഗ്രൂപ്പാണ് അട്ടപ്പാടി കുടുംബശ്രീ. സംരംഭകരായ വള്ളി, പുഷ്പ, വഞ്ചി, രേഷി, ശെല്‍വി, ചന്ദ്ര, ശാന്തി, ശോഭന, ശാന്തിനി, ശ്രീധന്യ, രമ്യ തുടങ്ങിയവരാണ് നേതൃത്വം നല്‍കിയത്. പഞ്ചായത്ത് സമിതി, സി.ആര്‍.പി, മാസ്റ്റര്‍ കര്‍ഷകര്‍, പാരാ പ്രൊഫഷണല്‍, കണ്‍സള്‍ട്ടന്റ് എന്നിവര്‍ സംരംഭകര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നുണ്ടെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ പറഞ്ഞു.

Author