രാജ്യത്ത് അതിദരിദ്രർ ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളം
രാജ്യത്ത് അതിദരിദ്രർ ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് പട്ടിക ജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. രാജ്യത്ത് അതിദരിദ്രരെ കണ്ടെത്തുന്നതിനുളള കണക്കെടുപ്പ് നടക്കുമ്പോൾ കേരളം മാതൃകയാണ്. പല സംസ്ഥാനങ്ങളിലും അതിദരിദ്രർ 52 ഉം, 45 ഉം ശതമാനം ആണെന്നിരിക്കെ കേരളത്തിൽ അത് കേവലം 0.7 ശതമാനം മാത്രമാണ്. ഏകദേശം 64,000 കുടുംബങ്ങളാണ് അതിദരിദ്രർ ആയി കണ്ടെത്തിയിട്ടുളളത്. അതിൽത്തന്നെ നാലിലൊന്ന് പട്ടിക ജാതി – പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവരാണ്. അവരെ അതിദാരിദ്രത്തിൽ നിന്നു മോചിപ്പിക്കാനുളള പ്രവർത്തനമാണ് സർക്കാർ നടത്തുന്നത്. 14-ാം പഞ്ചവത്സര പദ്ധതിയോടെ അതിദരിദ്രരായ മുഴുവൻ ആളുകളുടെയും ദാരിദ്രം ഇല്ലതാക്കി അവരെ പൊതുസമൂഹത്തോടൊപ്പം ഉയർത്തിയെടുക്കുന്നതിനുളള പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. കേരളം വൈകാതെ അതിദരിദ്രരില്ലാത്ത നാടായി മാറി തീരുമെന്നും മന്ത്രി പറഞ്ഞു. 159-മത് അയ്യൻകാളി ജയന്തി ദിനാഘോഷം വെള്ളയമ്പലം അയ്യങ്കാളി സ്‌ക്വയറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിന്നാക്ക വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് ഉയർത്തിയെടുക്കുകയാണു സർക്കാരിന്റെ ലക്ഷ്യം. ഒരോ കുടുംബത്തിന്റെയും വ്യക്തികളുടെയും പ്രശ്‌നങ്ങൾ മനസിലാക്കുന്നതിന് മൈക്രോ ലെവൽ സർവ്വേ നടത്തും. ഭൂമിയില്ലാത്തവർക്ക് ഭൂമി നൽകുകയെന്നതിനാണ് സർക്കാർ പ്രാധാന്യം നൽകുന്നത്. പട്ടികജാതി വിഭാഗക്കാർക്കുളള സഹായം അവർക്ക് തന്നെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇതിനു സാമൂഹ്യമായ ഇടപെടൽ ഉണ്ടാവണം. ഇക്കാര്യത്തിൽ ത്രിതലപഞ്ചായത്തുകൾക്ക് വലിയ പങ്കുണ്ട്. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ആധുനിക സാങ്കേതികവിദ്യയിൽ പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾ പിന്നാക്കം പോയികൂടാ എന്നത് കൊണ്ടാണ് ഡിജിറ്റൽ പഠനോപകരണങ്ങൾ നൽകാൻ സർക്കാർ തീരുമാനിച്ചത്. അവരെയെല്ലാം സാമൂഹ്യമായും, സാമ്പത്തികമായും, വിഭ്യാഭ്യാസപരമായും പുരോഗതിയിലെത്തിക്കുകയാണ് ലക്ഷ്യം.