സമയപരിധി നീട്ടുന്നില്ലെങ്കില്‍ നിര്‍ദ്ദിഷ്ട ബഫര്‍സോണ്‍ നിലവില്‍ വരും : അഡ്വ.വി.സി.സെബാസ്റ്റ്യന്‍

Spread the love

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ 2019 ലെ ഒരു കിലോമീറ്റര്‍ ബഫര്‍സോണെന്ന മന്ത്രിസഭാ തീരുമാനം റദ്ദ് ചെയ്യേണ്ടതില്ലെന്ന വനംവകുപ്പ് മന്ത്രിയുടെ നിയമസഭാപ്രഖ്യാപനം വിചിത്രവും വഞ്ചനാപരവുമാണെന്നും നിര്‍ദ്ദിഷ്ട ബഫര്‍സോണ്‍ സംബന്ധിച്ചുള്ള നിജസ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള കാലാവധി 2022 ജൂണ്‍ 3ലെ സുപ്രീം കോടതി വിധിപ്രകാരം സെപ്തംബര്‍ 3ന് അവസാനിക്കാനിരിക്കെ സമയപരിധി നീട്ടിക്കിട്ടാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കോടതിയെ സമീപിക്കുന്നില്ലെങ്കില്‍ ബഫര്‍സോണ്‍ നിലവില്‍ വരുമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ.വി.സി, സെബാസ്റ്റിയന്‍ സൂചിപ്പിച്ചു.

നിര്‍ദിഷ്ട ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ മേഖലയിലെ നിജസ്ഥിതി പഠനറിപ്പോര്‍ട്ടുമായി കേരളം ഇതുവരെയും കേന്ദ്ര എംപവേര്‍ഡ് കമ്മറ്റിയെ സമീപിച്ചിട്ടില്ല. സുപ്രീം കോടതി നിര്‍ദ്ദേശത്തിനെതിരെയുള്ള സംസ്ഥാനത്തിന്റെ മെല്ലെപ്പോക്ക് നിലപാടില്‍ ദുരൂഹതയേറുന്നു. ബഫര്‍സോണ്‍ വിഷയത്തില്‍ വനംവകുപ്പിനെ മാത്രം കേള്‍ക്കുന്ന നിരുത്തരവാദപരമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. വനംവകുപ്പ് തയ്യാറാക്കി സമര്‍പ്പിച്ചിരിക്കുന്ന റിവ്യൂ ഹര്‍ജിപോലും സുപ്രീം കോടതി വിധി ശരിവെയ്ക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നു. നിര്‍ദ്ദിഷ്ട ബഫര്‍സോണ്‍ മേഖലയിലെ ജനസാന്ദ്രതയും ജനജീവിത സാഹചര്യങ്ങളും വിശദീകരിക്കുവാന്‍ ശ്രമിക്കാതെ മലയോരജനതയൊന്നാകെ കൈയ്യേറ്റക്കാരായി ചിത്രീകരിച്ച് നഷ്ടപ്പെട്ടുപോയ വനഭൂമി തിരികെപിടിക്കാന്‍ അനുവദിക്കണമെന്ന് റിവ്യൂ ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത് തിരിച്ചടിയാകും.

സാറ്റലൈറ്റ് സര്‍വ്വേയില്‍ കൃത്യതയില്ലെന്നും ഗ്രൗണ്ട് സര്‍വ്വേയാണ് വേണ്ടതെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രി കുമളിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സൂചിപ്പിച്ചിരുന്നു. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിന് ഉത്തരവായി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. മലയോരമേഖലയൊന്നാകെ രാജ്യാന്തര കാര്‍ബണ്‍ ഫണ്ട് ഏജന്‍സികള്‍ക്കും കടലോരം കോര്‍പ്പറേറ്റുകള്‍ക്കും തീറെഴുതിക്കൊടുക്കുവാന്‍ മാറിമാറി ഭരിച്ച ഭരണനേതൃത്വങ്ങളും ജനനേതാക്കളും അച്ചാരംവാങ്ങിയിരിക്കുമ്പോള്‍ അസംഘടിതജനതയുടെ നിലനില്പു ചോദ്യംചെയ്യപ്പെടുമെന്നും ജനങ്ങളുടെ നികുതിപ്പണംകൊണ്ട് ജനങ്ങള്‍ക്കെതിരെ കേസുനടത്തുന്ന സംസ്ഥാന സര്‍ക്കാരിന്റെ ക്രൂരസമീപനത്തിന് അവസാനമുണ്ടാകണമെന്നും വി.സി,സെബാസ്റ്റ്യന്‍ പറഞ്ഞു.

അഡ്വ.വി.സി.സെബാസ്റ്റിയന്‍
സെക്രട്ടറി ജനറല്‍
+91 94473 55512

Author